അബുദാബി – ലോകോത്തര സൈക്ലിങ് പരിപാടിയായ യു.സി.ഐ. വിമൻസ് വേൾഡ് ടൂർ കടന്നുപോകുന്ന പാതകൾ പ്രഖ്യാപിച്ചു. ലോകത്തിലെ മികച്ച വനിതാസൈക്ലിങ് താരങ്ങൾ അണിനിരക്കുന്ന ഗൾഫ്മേഖലയിലെ ആദ്യത്തെ വനിതാ വേൾഡ് ടൂർ റേസ് ദുബായിൽനിന്ന് ആരംഭിച്ച് അബുദാബിയിൽ സമാപിക്കുമെന്ന് അബുദാബി സ്പോർട്‌സ് കൗൺസിൽ അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ സുപ്രധാനയിടങ്ങളെ പശ്ചാത്തലമാക്കി അടുത്ത മാസമാണ് യു.എ.ഇ. ടൂർ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഒൻപതുമുതൽ 12 വരെ സ്ത്രീകളുടെയും 20 മുതൽ 26 വരെ പുരുഷന്മാരുടെയും സൈക്ലിങ് മത്സരങ്ങളാണ് നടക്കുക. യു.എ.ഇ. ടൂറിന്റെ ഔദ്യോഗിക പാതയ്ക്കൊപ്പം ജഴ്‌സി, സ്പോൺസർമാർ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈവർഷം ഏഴ് ഘട്ടങ്ങളിലായി മൊത്തം 1028 കിലോമീറ്ററിലേറെ മത്സരം ഉണ്ടാകും.
വനിതാസൈക്ലിസ്റ്റുമാരുടെ യു.എ.ഇ. ടൂറിൽ നാല് ഘട്ടങ്ങളിലായി മൊത്തം 468 കിലോമീറ്റർ ദൂരമാണുള്ളത്. റാഷിദ് തുറമുഖം-ദുബായ് ഹാർബർ (109 കി.മീ.), അൽദഫ്ര കോട്ട-അൽമിർഫ (133 കി.മീ.), ഹസ്സ ബിൻ സായിദ് സ്റ്റേഡിയം- ജബൽ ഹഫീത്ത് (107 കി.മീ.), ഫാത്തിമ ബിൻത് മുബാറക് ലേഡീസ് സ്പോർട്‌സ് അക്കാദമി-അബുദാബി ബ്രേക്ക് വാട്ടർ (119 കി.മീ.) എന്നിങ്ങനെയാണ് നാല് പാതകൾ. യു.എ.ഇ.യിലെ ആദ്യത്തെ പ്രൊഫഷണൽ വനിതാസൈക്ലിങ് ടീമായ യു.എ.ഇ. ടീം എ.ഡി.ക്യു. രാജ്യത്തിന്റെ പതാകയുടെ വർണത്തിലുള്ള ജഴ്‌സികൾ ധരിച്ചായിരിക്കും മത്സരത്തിന് അണിനിരക്കുക.
രാജ്യത്തിന്റെ സുപ്രധാനയിടങ്ങളും വൈവിധ്യമാർന്ന പ്രദേശങ്ങളും ലോകത്തിന് മുമ്പാകെ പ്രദർശിപ്പിക്കാനുള്ള വലിയ അവസരമാണ് യു.എ.ഇ. ടൂർ നൽകുന്നതെന്ന് അബുദാബി സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി ആരിഫ് അൽ അവാനി പറഞ്ഞു. പ്രധാനപ്പെട്ട ആഗോള കായിക ലക്ഷ്യസ്ഥാനമായി യു.എ.ഇ. മാറുകയാണ്. ലോകമെമ്പാടുമുള്ള മികച്ച വനിതാസൈക്ലിങ് താരങ്ങളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നു. കായികമേഖലയിലെ യു.എ.ഇ.യുടെ നിർണായക ചുവടുവെപ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി.