ഷാർജ – ഷാർജയിൽ പൊലീസ് ബസ് അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന മറ്റു ആറ് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല.
പൊലീസ് വകുപ്പിലെ ജീവനക്കാരാണ് പരിക്കേറ്റവർ. ഇവരെ ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിലും കുവൈത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷാർജ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ചു. ഒപ്പം മരിച്ചയാളുടെ കുടുംബാംഗങ്ങളെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി അനുശോചനം അറിയിച്ചു.