ദുബായ്: സുസ്ഥിര ഗതാഗത മേഖലയിലെ മികവിനും നൂതന ആശയങ്ങൾക്കും പ്രോത്സാഹനമേകി പതിനാലാമത് ദുബായ് സസ്റ്റെയ്നബിൾ ട്രാൻസ്പോർട്ട് അവാർഡിലെ വിജയികളെ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ സാനിധ്യത്തിൽ ആദരിച്ചു. സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുക, ഗതാഗത സംവിധാനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുക, നൂതന സാങ്കേതികവിദ്യകൾക്ക് പ്രചോദനമേകുക, പരിസ്ഥിതി സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വർഷംതോറും ഈ പുരസ്കാരം സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ അവാർഡിന് 750-ലധികം അപേക്ഷകളാണ് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് അപേക്ഷകളുടെ എണ്ണത്തിൽ 400 ശതമാനത്തിലധികം വർധന രേഖപ്പെടുത്തി.
അവാർഡിന്റെ പ്രാധാന്യവും സ്വീകാര്യതയും പ്രാദേശിക തലത്തിലും മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലും വർധിച്ചുവരുന്നതിന്റെ തെളിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ഈ വർഷത്തെ പുരസ്കാരത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത് ജോർഡനിലെ ഗ്രേറ്റർ അമ്മാൻ മുനിസിപ്പാലിറ്റിയാണ്. നഗരത്തിലെ ബസ് റാപ്പിഡ് ട്രാൻസിറ്റ് അഥവാ ബി.ആർ.ടി പദ്ധതിക്കാണ് എലൈറ്റ് അവാർഡ് ലഭിച്ചത്. കാര്യക്ഷമവും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണ് ഈ അംഗീകാരം.
അവാർഡിന്റെ വിവിധ വിഭാഗങ്ങളിൽ പുരസ്കാരം നേടിയ സർക്കാർ സ്ഥാപനങ്ങൾ, കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെയും ചടങ്ങിൽ അഭിനന്ദിച്ചു. ഗതാഗത മേഖലയിലെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഇത്തരം പുരസ്കാരങ്ങൾ നിർണായക പങ്കുവഹിക്കുന്നതോടൊപ്പം.
സുസ്ഥിര ഗതാഗത രംഗത്ത് മികച്ച മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത ഭാവിയിലേക്കുള്ള മുന്നേറ്റമാണ് ദുബൈ ലക്ഷ്യമിടുന്നത്.





