അജ്മാൻ: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും റോഡപകടങ്ങൾ കുറയ്ക്കാനും ബോധവൽക്കരണ കാമ്പയിനുമായി അജ്മാൻ പൊലീസ്. ശരിയായ സ്ഥലങ്ങളിൽ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
സീബ്രാ ക്രോസിങ്ങുകളും കാൽനടപ്പാലങ്ങളും ഉപയോഗിക്കുക, ക്രോസിങ് സിഗ്നലിനായി കാത്തിരിക്കുക, റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് കാമ്പയിനിലൂടെ നൽകുന്നത്. വാഹനങ്ങൾക്കിടയിലൂടെയും ഹൈവേകളിലൂടെയും സുരക്ഷിതമല്ലാത്ത രീതിയിൽ റോഡ് മുറിച്ചുകടക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കും. റോഡ് ഉപയോക്താക്കളുടെ സഹകരണം അപകടങ്ങൾ തടയാനും വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാനും സഹായിക്കുമെന്ന് അജ്മാൻ പൊലീസ് വ്യക്തമാക്കി.





