ദുബായ്: യാത്രാരേഖാ മാനേജ്മെന്റിൽ ദുബായിയുടെ ആധുനിക രീതികൾ മനസ്സിലാക്കാൻ ബഹ്റൈൻ നാഷണാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് വിഭാഗത്തിൽ നിന്നുള്ള ഒരു ഉന്നതതല സംഘം ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) സന്ദർശിച്ചു. യാത്രാരേഖകൾ, പാസ്പോർട്ട് വിതരണം, പുതുക്കൽ, പ്രിന്റിംഗ് എന്നിവയിലെ ദുബായിയുടെ ഡിജിറ്റൽ പരിവർത്തന മാതൃക പഠിക്കുക എന്ന ലക്ഷ്യത്തിന്റ ഭാഗമായിരുന്നു സന്ദർശനം
ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ- മേജർ ജനറൽ ഉബൈദ് മു ഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് ബഹ്റൈൻ സംഘത്തെ സ്വാഗതം ചെയ്തു.ബഹ്റൈൻ പാസ്പോർട്ട് ഡയറക്ടറേറ്റ് ഡയറക്ടർ മേജർ ഷെയ്ഖ് സൽമാൻ ബിൻ അഹമ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുബായിൽ എത്തിയത്. പ്രതിനിധി സംഘം നാഷണാലിറ്റി സെക്ടർ, യാത്രാരേഖകൾ അച്ചടിക്കുന്ന ഓഫീസ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ എയർപോർട്ട് സർവീസ് ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഇവിടെവെച്ച്, ആധുനിക യാത്രയിലെ ഡിജിറ്റൽ പരിവർത്തനത്തിന്റെ പ്രധാന പ്രയോഗങ്ങളിലൊന്നായ ‘സ്മാർട്ട് കോറിഡോറിന്റെ പ്രവർത്തന രീതികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.
ഗൾഫ് മേഖലയിലുടനീളമുള്ള സർക്കാർ സ്ഥാപനപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും മികച്ച പ്രവർത്തനരീതികൾ പങ്കിടുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പര്യടനമെന്ന് ലഫ്: ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.ബഹ്റൈൻ പ്രതിനിധി സംഘം ഡയറക്ടറേറ്റ് നന്ദി അറിയിക്കുകയും പാസ്പോർട്ട് സേവനങ്ങളിലെ എളുപ്പവും വേഗതയും, സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെയുള്ള നടപടിക്രമങ്ങളും, വിമാനത്താവളത്തിലെ പാസ്പോർട്ട് പുതുക്കൽ സേവനവും മികച്ച മാതൃകയാണെന്ന് പ്രശംസിക്കുകയും ചെയ്തു. ഡാറ്റാ സംയോജനം, പ്രിന്റിംഗ് സെന്ററുകളും ഫീൽഡ് സർവീസുകളും തമ്മിലുള്ള ബന്ധം, സ്മാർട്ട് ട്രാവൽ സാങ്കേതികവിദ്യകൾ എന്നിവയിലും ബഹ്റൈൻ സംഘത്തിന് ദുബായ് അധികൃതർ പരിചയപ്പെടുത്തി.