Gulf UAE

അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം: പ്രജേഷ്‌സെന്‍

Written by themediatoc

ഷാര്‍ജ – ജീവകാരുണ്യ മേഖലയില്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുന്ന അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നതായി സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ്‌സെന്‍ പറഞ്ഞു. താമരശ്ശേരിയുടെ ജീവിതം ലോകമറിയേണ്ടതാണ്. പുസ്തകത്തില്‍ വായിച്ചതിനപ്പുറം സിനിമ ചെയ്യണമെന്ന ചിന്തകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

41മത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ അഷ്‌റഫ് താമരശ്ശേരിയുടെ ദി ലാസ്റ്റ് ഫ്രണ്ട് എന്ന ഇംഗ്ലീഷ് പുസ്‌കത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച ശേഷം നടന്‍ ജയസൂര്യയുമൊന്നിച്ചുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രജേഷ് സെന്‍. യഥാര്‍ത്ഥ ജീവിതം സിനിമയാക്കുന്നത് വെല്ലുവിളിയാണ്. പി.വി സത്യന്‍ എന്ന ഫുട്‌ബോള്‍ മാന്തികനെ നേരില്‍ കണ്ടിട്ടില്ല. കേട്ടറിഞ്ഞും ചോദിച്ചറിഞ്ഞുമാണ് ക്യാപ്റ്റന്‍ എന്ന സിനിമയുടെ പ്ലോട്ട് തയ്യാറാക്കിയത്. വെള്ളം നമുക്കൊപ്പമുള്ള മുരളിയുടെ ജീവിത കഥയാണ്. മുരളി പറഞ്ഞ കഥയില്‍ നിന്നും അദ്ദേഹത്തെ അറിയുന്നവരില്‍ നിന്നും പഴയ മുരളിയെ കണ്ടെത്തുകയായിരുന്നു. ജീവിക്കുന്ന ഒരാളെ അതേപോലെ അവതരിപ്പിക്കുക പ്രയാസമുള്ള കാര്യമാണ്. ഭാഗ്യവശാല്‍ രണ്ടും ചെയ്യാന്‍ കഴിഞ്ഞു. ഇതില്‍ രണ്ടിലും ജയസൂര്യ കഥാപാത്രമായി ജീവിക്കുകയായിരുന്നു. ജയസൂര്യയുടെ പ്രതിബദ്ധതയാണ് ഈ സിനിമകളുടെ വിജയത്തിലേക്ക് നയിച്ചത്.

മാധ്യമ പ്രവര്‍ത്തനം തന്റെ സിനിമാ ജീവിതത്തില്‍ ഏറെ ഗുണം ചെയ്തതായി പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി പ്രജേഷ്‌സെന്‍ പറഞ്ഞു. പത്ത് വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍ വലിയ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാരായ വ്യക്തികളെ വരെ അടുത്തറിയാനും ഇടപഴകാനും കഴിഞ്ഞു. വിവിധതരം ജീവിതങ്ങളെയും മനുഷ്യരെയും തൊട്ടറിയാന്‍ കഴിഞ്ഞത് സിനിമാ കഥാപാത്ര സൃഷ്ടിക്ക് സഹായകമായി. സ്‌കൂള്‍ പഠന കാലത്ത് കേട്ട കഥയിലെ വില്ലനായിരുന്നു നമ്പിനാരാണന്‍. പിന്നീട് പത്രപ്രവര്‍ത്തകനായി മാറിയപ്പോള്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞിരുന്നു. കുറ്റവാളിയായി ചിത്രീകരിച്ച അദ്ദേഹത്തെ നിരപരാധിയായി ഉയര്‍ത്തിക്കാട്ടാന്‍ മാധ്യമപ്രവര്‍ത്തകര്‍ മടിച്ചു. എത്ര വിശ്വസ്ഥനായ ആളാണെങ്കിലും എന്തെങ്കിലും വിവരങ്ങള്‍ നല്‍കിയാല്‍ അത് അതേപടി റിപ്പോര്‍ട്ട് ചെയ്യാതെ സാമാന്യ ബുദ്ധി ഉപയോഗിച്ച് അതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറയാനുള്ളത്.

ഇല്ലാത്ത ഒരു സാങ്കേതിക വിദ്യ മോഷണം പോയെന്ന് വരുത്തിതീര്‍ത്താണ് നമ്പി നാരായണനെ പ്രതിയാക്കിയത്. ഇത് മാധ്യമ പ്രവര്‍ത്തകരുടെ വലിയ പിഴവാണ്. റോക്കറ്റ് സാങ്കേതികവിദ്യ പാകിസ്ഥാന് വിറ്റുവെന്നാണ് കേസ്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഫ്രാന്‍സ് 100 കോടിക്ക് വില്‍ക്കാന്‍ വെച്ച സാങ്കേതിക വിദ്യയാണ് നമ്പി നാരായണന്‍ 400 കോടിക്ക് അയല്‍രാജ്യത്തിന് രഹസ്യമായി വിറ്റുവെന്ന കേസുണ്ടാക്കിയത്. ഇതിലെ ലോജിക്ക് എന്താണെന്ന് പോലും ചിന്തിക്കാന്‍ അന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇത്തരം വാര്‍ത്തകള്‍ ഒന്ന് ആലോചനാ വിധേയമാക്കിയിരുന്നുവെങ്കില്‍ അനവധി പേരുടെ ജീവിതം മാറ്റിയെടുക്കാന്‍ കഴിയുമായിരുന്നു-പ്രജേഷ് സെന്‍ പറഞ്ഞു.

About the author

themediatoc

Leave a Comment