Gulf UAE

കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056; 2023 ഫെബ്രുവരി 3 മുതല്‍ കോഴിക്കോട്ട്

Written by themediatoc

ദുബായ് – കേരളത്തിന്റെ ഭാവി പുനര്‍നിര്‍വഹണം എന്ന പ്രമേയവുമായി കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056 അടുത്ത വര്‍ഷം ഫെബ്രുവരി 3, 4, 5 തീയതികളില്‍ കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലുള്ള വലന്‍സി ഗാലറിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെയും യു ഇ യിലെയും പ്രമുഖ കണ്‍സള്‍ട്ടന്‍സി സംരംഭകരായ ആര്‍ ബി എസ് കോര്‍പ്പറേഷന്‍, എച്ച് കെ ബിസിനസ്സ് സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കേരള ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ്. കേരള ടൂറിസം വകുപ്പ്, നോര്‍ക്ക റൂട്ട്‌സ്, ടൂറിസം വകുപ്പ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവ സഹകരിക്കും.

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള വാണിജ്യ-വ്യവസായ പ്രമുഖരും നയതന്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക വിദഗ്ധരും കോണ്‍ക്ലേവില്‍ സംബന്ധിക്കും. പിന്നിട്ട അമ്പത് വര്‍ഷങ്ങളെയും വരാനിരിക്കുന്ന അമ്പത് വര്‍ഷങ്ങളെയും മുന്നില്‍ കണ്ടുകൊണ്ടുള്ള വിപുലവും വിശാലവുമായ കാഴ്ചപ്പാടുകളാണ് കോണ്‍ക്ലേവ് മുന്നോട്ട് വെക്കുന്നതെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഡോ. ബിജു രമേശ് പറഞ്ഞു.

വിഷന്‍ 2050 യാഥാര്‍ഥ്യമാക്കാനും നിലവിലുള്ള അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിനും പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും ആഗോളതലത്തില്‍ സാധ്യതകള്‍ തുറക്കുന്നതിനും കാഴ്ചപ്പാടുകള്‍ ഉണ്ടാകും. ദേശീയ- അന്തര്‍ദേശീയ നിക്ഷേപകര്‍, പ്രദര്‍ശകര്‍, പ്രഭാഷകര്‍, വിദേശ ഇന്ത്യക്കാര്‍ എന്നിവര്‍ക്ക് കേരളത്തില്‍ സാധ്യമായ നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഏറ്റവും വലിയ അവസരമാണിത്. ഒപ്പം കഴിഞ്ഞ പതിറ്റാണ്ടുകളിലെ കേരളത്തിന്റെ വ്യാവസായിക, വാണിജ്യ, സാംസ്‌കാരിക നേട്ടങ്ങളും ഭാവി വികസനവും ചര്‍ച്ച ചെയ്യും.

കേരള സംസ്ഥാന രൂപവത്കരണത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാകുന്ന 2056 ലേക്കുള്ള പടവുകള്‍ കേരള കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. വാണിജ്യ-വ്യവസായ പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, സംരംഭകര്‍, ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണയോടെ കോണ്‍ക്ലേവ് ഫലപ്രദമാക്കി മാറ്റാന്‍ പദ്ധതികള്‍ തയ്യാറാക്കി വരികയാണ്.

കേരള കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എക്‌സ്‌പോയില്‍ നൂറിലേറെ ആഗോള സംരംഭകരും, ഇരുപത്തി അഞ്ചിലേറെ വ്യവസായ സംരംഭങ്ങളും, നൂറിലേറെ സ്റ്റാളുകളും സജ്ജീകരിക്കും. ഒരു ലക്ഷത്തിലധികം സന്ദര്‍ശകര്‍ എക്‌സ്‌പോയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
കേരള കോണ്‍ക്ലേവ് വിഷന്‍ 2050/2056 പ്രധാനമായും, ഊര്‍ജസ്വലമായ ഒരു സമൂഹം, അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥ, അഭിലാഷമുള്ള സംസ്ഥാനം എന്നീ മൂന്ന് അടിസ്ഥാന പ്രമേയങ്ങളെ കേന്ദ്രീകരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഡോ. ബിജു രമേശ് കൂട്ടിച്ചേർത്തു.

കേരള കോണ്‍ക്ലേവ് സഹസ്ഥാപകനും ആര്‍ ബി എസ് കോര്‍പ്പറേഷന്‍ & എച്ച് കെ ണ്‍സള്‍ട്ടന്‍സി എം ഡിയുമായ ബീബ് കോയ, ചെയര്‍മാന്‍ ഹമദ് അല്‍ ഹമ്മാദി, കേരള കോണ്‍ക്ലേവ് ഉപദേശക സമിതി ഡയറക്ടര്‍മാരായ ജാസിം മുഹമ്മദ് അല്‍ ബസ്തകി, മുഹമ്മദ് അല്‍ ഫലാസി, ഇവന്റ് ഡയറക്ടര്‍ മുനീര്‍ ബിന്‍ മൊഹിയിദീന്‍, അര്‍ഷദ് ഇബ്രാഹിം, ഡോ. എം എ ബാബു, കെ സി എ ഭാരവാഹികളായ അഡ്വ. ഷിബു പ്രഭാകരന്‍, മുഹമ്മദ് റസീഫ് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

About the author

themediatoc

Leave a Comment