Featured Gulf UAE

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ട സംഭവം; നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ആൺസുഹൃത്ത് പിടിയിൽ

Written by themediatoc

ദുബായ്: വിതുര ബോണക്കാട് സ്വദേശിനി ദുബായിൽ മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) ആണ് മരിച്ചത്. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്.

കരാമയിൽ ഈ മാസം ആദ്യമായിരുന്നു സംഭവം. ജയകുമാറിന്റെയും ഗിൽഡയുടെയും മകളാണ് ആനിമോൾ ഗിൽഡ. സമൂഹമാദ്ധ്യമത്തിലൂടെയാണ് ആനിമോളും യുവാവും തമ്മിൽ പ്രണയത്തിലായത്. ആനിമോളെ യുഎഇയിലേക്ക് എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കൾ പറയുന്നു. ഒന്നര വർഷം മുമ്പ് യുഎഇയിൽ എത്തിയ ആനിമോൾ ക്രെഡിറ്റ് സെയിൽസ് സ്ഥാപനത്തിൽ ജോലിചെയ്‌ത് വരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാൻ പ്രതി അബുദാബിയിൽ നിന്ന് ദുബായിൽ എത്തിയിരുന്നു. പിന്നാലെയാണ് യുവതിയുടെ മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തിയത്. ഇവർക്കിടയിലെ അഭിപ്രായ വ്യത്യാസവും തർക്കവും കൊലപാതകത്തിലേക്ക് നയിച്ചതാവാം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

ആനിമോളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നാണ് വിവരം. മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആനിമോളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

About the author

themediatoc

Leave a Comment