ദുബായ് – യുഎഇ-വലിയപറമ്പ പഞ്ചായത്ത് കെഎംസിസി സംഗമമായ ഹാപ്പി വേ ഗ്രൂപ്പ് ‘മുലാഖാത്’ സീസണ്‍ 4 ‘ ദുബായ് ക്രസന്റ് ഹൈസ്‌കൂള്‍ സമുച്ചയത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ യു എ ഇ ലുള്ള വലിയപറമ്പ പഞ്ചായത്ത് പ്രദേശത്ത് നിന്നുള്ളവരുടെ ഒത്തുചേരലില്‍ 600ലധികം പേരാണ് എത്തിയത്. ചടങ്ങിൽ പി.വി അബ്ദുല്‍ മജീദ് ഹാജി, സി.എച്ച് ഷംസീര്‍, ടി.പി ഹാരിസ് ഹാജി, ഷറഫുദ്ദീന്‍ ഒറ്റത്തയ്യില്‍, അഷ്‌റഫ് ഗ്രീൻ കീ , അബ്ദുല്ല അർമ ഗ്രൂപ്പ് പികെസി നൗഷാദ്, ഗഫുർ കാരയിൽ, ഇകെ സിദ്ദിഖ്, ലുഖ്‌മാൻ ഉപ്പള, റഫീഖ് പടന്ന തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.
മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മല്‍സര പരിപാടികള്‍ നടത്തിയത്. രണ്ടു മാസമായി നടന്നു വന്ന മല്‍സരങ്ങളുടെ സമാപനത്തിന് വന്‍ ജനസാന്നിധ്യമാണുണ്ടായത്. ഓണ്‍ലൈനായും സ്‌റ്റേജിലും മല്‍സര പരിപാടികള്‍ അരങ്ങേറി. ഖുര്‍ആന്‍ പാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, ടിക് ടോക്, വാങ്കുവിളി, അനൗൺസ്‌മെന്റ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, ക്വിസ്, ദഫ്മുട്ട്, ഫാന്‍സി ഒപ്പന, ഫാന്‍സി കോല്‍ക്കളി, വിനോദ ഗെയിമുകള്‍, കുട്ടികളുടെ ഗെയിമുകള്‍, ലേഡീസ് കോര്‍ണര്‍ എന്നിവയാണുണ്ടായിരുന്നത്. എനിവെർ ട്രാവൽസ്സെ ന്‍ട്രല്‍ ടീം “പി ഇസ്മായിൽ മെമ്മോറിയൽ ഓവറോള്‍ട്രോഫി” ചാമ്പ്യന്‍മാരായി.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയും, യുഎഇയില്‍ ജബല്‍ ജൈസ് അടക്കമുള്ള പര്‍വത മേഖലകളിലും സൈക്കിളില്‍ സഞ്ചരിച്ച പി സലീമിനെയും മികച്ച കരിയർ നേട്ടത്തിന് ഡോക്ടർ നബീല ഖാലിദിനെയും കലാം വേൾഡ് റിക്കോർഡിൽ ഇടം നേടിയ അഞ്ചു വയസ്സുകാരി ഫാത്തിമ നൂറ ജാബിറിനെയും ചടങ്ങില്‍ ആദരിച്ചു. ഒപ്പം പി.കെ.സി അബ്ദുല്ല രചിച്ച ‘മരുഭൂ പരുന്തുകള്‍’ എന്ന പുസ്തകം അല്‍വഫ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സി.മുനീര്‍ പി.കെ.സി ഖാലിദിന് നല്‍കി പ്രകാശനം ചെയ്തു.
മുലാഖാത് സീസണ്‍ 4 ചെയര്‍മാന്‍ ടി.സി.എ കറാമ, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ബീച്ചാരക്കടവ്, ട്രഷറര്‍ ഷാഫി പൊയ്യക്കടവ്, യുഎഇ-വലിയപറമ്പ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ മാടക്കാല്‍, ജനറല്‍ സെക്രട്ടറി സലാം പി.പി, ട്രഷറര്‍ പി.കെ.സി ഖാലിദ്, ഓർഗ: സെക്രട്ടറി യു മുഹമ്മദലി, കെ.സി മുനീര്‍, പി.കെ അക്കാര്‍ച്ച, ജലീല്‍ എം.സി, പി.നാസര്‍, അബ്ദുല്ല പി പി, പി.കെ അഷ്‌റഫ്, ഹാഷിം ടികെപി, ഷാഫി മാടക്കാൽ, ഇബ്രാഹിം ടി കെ, എം.സി ആസിഫ്, മുജീബ് ടി കെ ബി , ജബ്ബാർ ടി കെ പി, റസാഖ് യു എന്നിവര്‍ നേതൃത്വം നല്‍കി. സ്ത്രീകളുടെ പരിപാടികൾക്ക് പ്രശസ്ത വ്ലോഗർ സജിയ നജീബ്, ബുഷ്‌റ ജലീൽ എന്നവർ നേതൃത്വം നൽകി.