Gulf UAE

” നീ എന്റെയൊരു അടയാളം മാത്രമാണ് ” പ്രകാശനം ചെയ്തു

Written by themediatoc

ഷാര്‍ജ – വനിതാ വിനോദിന്റെ രണ്ടാമത് പുസ്തകമായ കവിതാസമാഹാരം ‘നീ എന്റെയൊരു അടയാളം മാത്രമാണ്’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ കവിതകള്‍ ചൊല്ലി പ്രകാശനം ചെയ്തു. ഞായറാഴ്ച ഉച്ചക്ക് റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ കവികളായ വീരാന്‍കുട്ടി, സത്യന്‍ മാടാക്കര, കെ.പി.കെ വെങ്ങര എന്നിവര്‍ കവിതകള്‍ ചൊല്ലിയും പറഞ്ഞും പുസ്തകം പരിചയപ്പെടുത്തി.

ഇന്ത്യന്‍ ജനാധിപത്യ ബോധത്തിലേക്ക് സ്ത്രീകളുടെ വളര്‍ച്ചയില്‍ വലിയൊരു പങ്കാണ് എഴുത്തിലൂടെ മലയാളത്തിലെ സ്ത്രീകള്‍ നിര്‍വ്വഹിക്കുന്നതെന്ന് സത്യന്‍ മാടാക്കര പറഞ്ഞു. അപ്പൂപ്പന്‍താടിയെ പക്ഷിയെന്ന് വിളിക്കരുത്, വിളിച്ചാലത് വീണുപോകും. ഇത് സാധാരണ രീതിയില്‍ ഒരു വലിയ പുസ്തകമായിരുന്നെങ്കില്‍ വീണുപോയേനെയെന്ന് വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു.

സമുകാലീന പ്രസക്തിയിലൂന്നിയ നിരവധി കൊച്ചു കവിതാസമാഹാരങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഒപ്പം വായനക്കാരന്‍റെ മനസിലേക്ക് സ്ത്രൈണതയുടെ ചൂടും, നോവും ചേർന്ന അനുഭവ കുറിപ്പുകളും, സങ്കടവും, സ്നേഹവും ഇഴചേരുന്ന നിമിഷങ്ങളും കവിതയ്ക്ക് മേമ്പോടിയായും അടയാളമായും രേഖപ്പെടുത്തുന്നുണ്ട് വനിത തന്റെ വരികൾക്കിടയിൽ. 24 കവിതകളാണ് പുസ്തകത്തിലുള്ളത്.

കവികളായ ഇസ്മായില്‍ മേലടി, പി.ശിവപ്രസാദ്, രാജേഷ് ചിത്തിര, അനൂപ് ചന്ദ്രന്‍, ഹമീദ് ചങ്ങരംകുളം, ബബിതാ ഷാജി, അസി, പ്രീതി രഞ്ജിത്ത്, സജ്‌ന അബ്ദുള്ള, ഷഹി തുടങ്ങിയവര്‍ സംബന്ധിച്ചു.

About the author

themediatoc

Leave a Comment