Entertainment Gulf UAE

ഷാര്‍ജ പുസ്തക മേളയില്‍ താരമായി ‘പൊന്നിയിന്‍ സെല്‍വന്‍’

Written by themediatoc

ഷാര്‍ജ – 41മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേള രണ്ടാം ദിനം പിന്നിട്ടപ്പോള്‍ മലയാള പുസ്തക വിഭാഗത്തില്‍ താരമായി ‘പൊന്നിയിന്‍ സെല്‍വന്‍’. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിന്റെ മലയാള പതിപ്പിന് പുസ്തക മേളയില്‍ ആവശ്യക്കാര്‍ ഏറെയാണ്. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴിയില്‍ രചിച്ച ഈ നോവല്‍ എക്കാലത്തെയും മാസ്റ്റര്‍ പീസ് ആണ്.

സുന്ദരമായ തമിഴ് ഭാഷയില്‍ രചിച്ച ഈ നോവല്‍ വായിക്കാത്ത തമിഴ് പ്രേമികള്‍ കുറവായിരിക്കും. അഞ്ച് ഭാഗങ്ങളില്‍ ഇരുനൂറില്‍പരം അധ്യായങ്ങളുള്ള തമിഴ് പതിപ്പിന്റെ മലയാള വിവര്‍ത്തനം ചെയ്തിരിക്കുന്നത് ജി.സുബ്രഹ്‌മണ്യനാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ആശയത്തിലും ശൈലിയിലും മാറ്റങ്ങള്‍ വരുത്താതെ കാച്ചിക്കുറുക്കിയാണ് വിവര്‍ത്തകന്‍ മലയാളത്തിലേക്ക് മാറ്റിയെഴുതിയിരിക്കുന്നത്.
ഇന്ത്യന്‍ എഴുത്തുകാരനായ കല്‍ക്കി കൃഷ്ണമൂര്‍ത്തി തമിഴ് ഭാഷയില്‍ എഴുതിയ ഒരു ചരിത്ര ഫിക്ഷന്‍ നോവലാണ് പൊന്നിയിന്‍ സെല്‍വന്‍.

1950 ഒക്ടോബര്‍ 29 മുതല്‍ 1954 മെയ് 16 വരെ തമിഴ് മാസികയായ കല്‍ക്കിയുടെ പ്രതിവാര പതിപ്പുകളില്‍ ഇത് ആദ്യമായി സീരിയല്‍ ആയി പ്രസിദ്ധീകരിച്ചു. പിന്നീട് 1955 ല്‍ അഞ്ച് വാല്യങ്ങളായി സംയോജിപ്പിച്ചു. ഏകദേശം 2,210 പേജുകളില്‍ ഇത് ചോള രാജകുമാരന്‍ അരുള്‍മൊഴിവര്‍മ്മന്റെ ആദ്യകാല കഥ പറയുന്നു. വിവരങ്ങള്‍ ശേഖരിക്കുന്നതിനും മറ്റുമായി കല്‍ക്കി മൂന്ന് തവണ ശ്രീലങ്ക സന്ദര്‍ശിച്ചു. തമിഴ് സാഹിത്യത്തിലെ ഏറ്റവും മഹത്തായ നോവലുകളിലൊന്നായാണ് പൊന്നിയിന്‍ സെല്‍വന്‍ കണക്കാക്കപ്പെടുന്നത്. ഇതിവൃത്തം, ഉജ്ജ്വലമായ ആഖ്യാനം, മികച്ച സംഭാഷണം, പത്താം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ കുതന്ത്രങ്ങളുടെയും അധികാര പോരാട്ടങ്ങളുടെയും ചിത്രീകരണം എന്നിവക്ക് പൊന്നിയിന്‍ സെല്‍വന്‍ നിരൂപക പ്രശംസ നേടിയിട്ടുണ്ട്.

പ്രശസ്ത സംവിധായകന്‍ മണിരത്‌നം ഈ നോവലിന്റെ ഒന്നാം ഭാഗം ചലച്ചിത്രമാക്കിയതോടെ നോവല്‍ ഒരിക്കല്‍ക്കൂടി ജനകീയമായി. ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറിയിരുന്നു ഈ ബിഗ്ബജറ്റ് സിനിമ. ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. സിനിമ പുറത്തിറങ്ങിയതോടെ മലയാളി വായനക്കാര്‍ക്കിടയിലും പൊന്നിയിന്‍ സെല്‍വന് ആരാധകര്‍ വര്‍ധിച്ചു. സിനിമയില്‍ കണ്ട രംഗങ്ങള്‍ വായനയിലൂടെ അനുഭവിച്ചറിയാനാണ് പുസ്തകം തേടിയെത്തുന്നത്.

ഈ തമിഴ് ക്ലാസിക് കൃതി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡിസി ബുക്‌സാണ്. രണ്ട് വാള്യങ്ങളിലായി 2022 മാര്‍ച്ച് മാസത്തിലാണ് ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. മാസങ്ങള്‍ക്കകം നാല് പതിപ്പുകള്‍ അച്ചടിച്ചു കഴിഞ്ഞു. രണ്ട് വാള്യങ്ങളുള്ള പുസ്തകത്തിന്റെ നാലാം പതിപ്പാണ് ഷാര്‍ജ പുസ്തക മേളയില്‍ മലയാള പുസ്തകങ്ങള്‍ക്കിടയില്‍ താരമായി മാറിയിരിക്കുന്നത്.

About the author

themediatoc

Leave a Comment