റിയാദ്: സൗദി അറേബ്യയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടെന്ന ഹൂതി സംഘടനയുടെ അവകാശവാദം തള്ളി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി. അവകാശവാദത്തിന് മറുപടിയായി അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച അദ്ദേഹം, ഹെലികോപ്റ്ററുകൾ ഉടൻ പ്രവർത്തനരംഗത്തിറങ്ങുമെന്ന സൂചനയും നൽകി.
നജ്‌റാനിൽ സൗദി ഹെലികോപ്റ്റർ വെടിവെച്ചിട്ടെന്ന ഹൂതികളുടെ അവകാശവാദം വ്യാജമാണെന്നാണ് സഖ്യസേനയുടെ നിലപാട്. അതേസമയം, നജ്‌റാൻ മേഖലയിൽ സാങ്കേതിക തകരാറിനെ തുടർന്ന് നിരീക്ഷണ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് സൈനിക ഉദ്യോഗസ്ഥർ മരിച്ചതായി സഖ്യസേന നേരത്തേ അറിയിച്ചിരുന്നു.
നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള എ.എച്ച്-6ഐ മോഡൽ നിരീക്ഷണ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി വ്യക്തമാക്കി.
ഇതിനിടെ, റിയാദ് മേഖലയിലും കിഴക്കൻ പ്രവിശ്യയിലും ഓരോ ഡ്രോൺ വീതം തടഞ്ഞുനശിപ്പിച്ചതായും സഖ്യസേന അറിയിച്ചു. ഹൂതി മിലീഷ്യകൾ തൊടുത്തുവിട്ട ക്രൂസ് മിസൈലുകളും ഡ്രോണുകളും വ്യോമസേന തടയുന്നതിന്റെ ദൃശ്യങ്ങളും സഖ്യസേന പുറത്തുവിട്ടതായി റിപ്പോർട്ടിൽ പറയുന്നു.





