Featured Gulf UAE

ഷാർജ കുട്ടികളുടെ വായനോത്സവം മെയ് മൂന്നിന് കൊടിയേറും

Written by themediatoc

ഷാർജ – ട്രെയിന്‍ യുവർ ബ്രെയിന്‍ (നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക) എന്ന ശീർഷകത്തിൽ14 മത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന് മെയ് മൂന്നിന് ഷാർജയില്‍ തുടക്കമാകും. മെയ് 14 വരെ നടക്കുന്ന വായനോത്സവത്തില്‍ 1658 വർക് ഷോപ്പുകളും സെഷനുകളും 66 രാജ്യങ്ങളില്‍ നിന്നുളള 512 അതിഥികളും ഈ വർഷം പങ്കെടുക്കും. മെയ് മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ആനിമേഷന്‍ കോണ്‍ഫറന്‍സാണ് ഇത്തവണത്തെ പ്രധാന ആകർഷണം. വായനോത്സവത്തിന്‍റെ ഭാഗമായി മേഖലയില്‍ തന്നെ നടക്കുന്ന ആദ്യത്തെ ഇത്തരത്തിലുളള കോണ്‍ഫറന്‍സാണിത്. ഇറ്റലിയിലെ ബെർഗാമോ ആനിമേഷൻ ഡേയ്‌സ് ഫെസ്റ്റിവലിന്‍റെ പങ്കാളിത്തത്തോടെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ആനിമേഷനോട് താല്‍പര്യമുളളവർക്ക് ഒത്തുചേരാനും ആശയങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ സ്ഥാപിക്കാനും കോണ്‍ഫറന്‍സ് വേദിയാകും. 11 മാസ്റ്റർക്ലാസുകളും 6 വർക്ക് ഷോപ്പുകളും 3 പാനല്‍ ഡിസ്കഷനും കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടക്കും.ഷാർജ അനിമേഷന്‍ ഡോട്ട് കോമിലൂടെ സന്ദർശകർക്ക് കോൺഫറൻസിനെയും പ്രവർത്തനങ്ങളെയും കുറിച്ച് കൂടുതൽ അറിയാം.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്‍റെ ചെയർപേഴ്‌സണായ പത്നി ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർത്വത്തിലാണ് വായനോത്സവം നടക്കുന്നത്. പുതിയ തലമുറയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയും ഭാവി രൂപപ്പെടുത്തുകയും ചെയ്യുകയെന്നുളളതാണ് കോണ്‍ഫറന്‍സിലൂടെ ലക്ഷ്യമിടുന്നതെന്നും, ആനിമേഷനിലൂടെ കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരായ കഥാപാത്രങ്ങളുടെ വേരുകള്‍ എപ്പോഴും പുസ്തകങ്ങളാണെന്നും അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കഥാപാത്രങ്ങളെ അനിമേഷൻ വഴി പുനഃസൃഷ്ടിക്കാനാണ് ഇത്തരം ഒരുതുടക്കമെന്നും അഹമ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു. 93 അറബ് പ്രസാധകരും 48 വിദേശ പ്രസാധകരും ഉള്‍പ്പടെ 141 പ്രസാധകർ വായനോത്സവത്തിലെത്തും. യുഎഇയില്‍ നിന്ന് 77 പ്രസാധകരാണുളളത്. യുകെ, സിറിയ, ജോർദാൻ, ഈജിപ്ത്, കുവൈറ്റ്, സൗദി അറേബ്യ, യുഎസ്, ഓസ്‌ട്രേലിയ, ഇന്ത്യ, പാകിസ്ഥാൻ, അൾജീരിയ, ഇറാഖ് എന്നിവയാണ് പങ്കെടുക്കുന്ന മുൻനിര രാജ്യങ്ങൾ.

കുട്ടികളാണ് രാഷ്ട്രത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നത് അതുകൊണ്ട് അവരില്‍ നിക്ഷേപിക്കുന്ന ഓരോ കാര്യങ്ങളും സമൂഹത്തിന്‍റെ അഭിവൃദ്ധിക്കും പുരോഗതിയ്ക്കും വഴിയൊരുക്കും. അതുകൊണ്ടു രാജ്യം യുവ മനസുകളില്‍ അഭിവൃദ്ധിയിലേക്ക് ലക്ഷ്യമിടുന്ന നിക്ഷേപം നടത്തണം എന്നാൽ വായനയുടെ ലോകത്തേക്ക് അവരെ കൈപിടിച്ച് നടത്തുകയെന്നുളളതാണ് വായനോത്സവത്തിന്‍റെ ഓരോ എഡിഷനും ലക്ഷ്യമിടുന്നതെന്നും ഷാർജ കുട്ടികളുടെ വായനോത്സവത്തിന്‍റെ ജനറല്‍ കോർഡിനേറ്റർ ഖൗല അല്‍ മുജൈനി പറഞ്ഞു. കുട്ടികള്‍ക്കായി പതിവുപോലെ ഇത്തവണയും നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുളളത്. 10 രാജ്യങ്ങളില്‍ നിന്നുളള 25 അതിഥികള്‍ നയിക്കുന്ന 946 പരിപാടികള്‍ ഉള്‍പ്പടെ 1658 പരിപാടികള്‍ നടക്കും. 16 രാജ്യങ്ങളിൽ നിന്നുള്ള 16 അതിഥികൾ നയിക്കുന്ന 136 നാടകങ്ങള്‍,റോമിംഗ് ഷോകൾ, അക്രോബാറ്റ്, സംഗീത കച്ചേരികൾ എന്നിവയും ഫെസ്റ്റിവലിൽ നടക്കും.കോമഡി നാടകമായ അക്ബർ ദി ഗ്രേറ്റ് നഹി രഹേ, കുട്ടികളുടെ പരിപാടിയായ മസാക്ക കിഡ്‌സ് ആഫ്രിക്കാന എന്നിവ വായനോത്സവത്തെ വൈവിധ്യമാക്കും.

21 രാജ്യങ്ങളില്‍ നിന്നുളള കലാകാരന്മാരും എഴുത്തുകാരും ഉള്‍പ്പടെ 68 അതിഥികളും വായനോത്സവത്തിന്‍റെ ഭാഗമാകും. കുക്കറി കോർണറില്‍ ഇന്ത്യയിൽ നിന്നുള്ള ഉമ രഘുരാമൻ ഉള്‍പപ്ടെ 9 രാജ്യങ്ങളില്‍ നിന്നുളള 12 പാചകക്കാർ രുചിയുടെ വകഭേദം തീർക്കും. കോമിക്സ് കോർണർ 4 രാജ്യങ്ങളിൽ നിന്നുള്ള 15 കലാകാരന്മാർ നയിക്കുന്ന വർക്ക് ഷോപ്പുകളും പാനല്‍ ചർച്ചകളും ഉള്‍പ്പടെ 323 ലധികം പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കും. സോഷ്യല്‍ മീഡിയ സ്റ്റേഷനില്‍ 72 പരിപാടികളാണ് സജ്ജമാക്കിയിട്ടുളളത്.വായനോത്സവത്തിന് മുന്നോടിയായി നടക്കുന്ന പബ്ലിഷേഴ്സ് കോണ്‍ഫറന്‍സില്‍ 52 രാജ്യങ്ങളില്‍ നിന്നുളള 223 പേരും 17 അറബ് രാജ്യങ്ങളിൽ നിന്നുള്ള 160 പേരും ഉൾപ്പെടെ 383 പുസ്തക വിതരണക്കാർ പങ്കെടുക്കും. 11 മത് ഷാർജ ചില്‍ഡ്രന്‍സ് ബുക്ക് ഇല്ലസ്ട്രേഷന്‍ പുരസ്കാര ജേതാക്കളെയും പ്രഖ്യാപിക്കും. 46 രാജ്യങ്ങളില്‍ നിന്നുളള 280 പങ്കാളികളില്‍ നിന്നായി ലഭിച്ച 1300 ഓളം അപേക്ഷകളാണ് പരിഗണിക്കുക. 85 കലാകാരന്മാരുടെ 235 കലാസൃഷ്ടികളാണ് അവസാന ഘട്ടത്തിലെത്തിയത്.

ഷാർജ ബുക്ക് അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തില്‍ എസ് ബി എ ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി, ഷാർജ ഡയറക്ടർ റാഷിദ് അബ്ദുല്ല അൽ ഒബേദ്, എസ് സി ആർ എഫ് ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി,എസ്‌ബി‌എയുടെ പബ്ലിഷേഴ്‌സ് സർവീസ് ഡയറക്ടർ മൻസൂർ അൽ ഹസാനി തുടങ്ങിയവർ പങ്കെടുത്തു.

About the author

themediatoc

Leave a Comment