Gulf UAE

ഒമേഗ പെയിന്‍ കില്ലര്‍ വ്യാജനെതിരെ നിയമ നടപടിയുമായി കമ്പനി

Written by themediatoc

ദുബായ് – പ്രമുഖ വേദന സംഹാരിയായ ‘ഒമേഗ’യുടെ വ്യാജ പതിപ്പുകള്‍ യുഎഇ വിപണിയില്‍ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശക്തമായ നിയമ നടപടിയുമായി വിതരണ കമ്പനിയായ അല്‍ ബുല്‍ദാന്‍ രംഗത്ത്. ഒമേഗ പെയിന്‍ കില്ലര്‍ ഓയിന്റ്‌മെന്റിന്റെ 60 എംഎല്‍, 120 എംഎല്‍ എന്നിവയുടെ വ്യാജ ഉല്‍പന്നങ്ങളാണ് ഈയിടെ യുഎഇ വിപണിയില്‍ കണ്ടെത്തിയത്. ആഗോള തലത്തില്‍ തന്നെ ഏറെ പ്രിയങ്കരമായ ഒമേഗയ്ക്ക് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് യുഎഇയിലും ഒമാനിലുമുള്ളത്. അതിന്റെ വ്യാജന്‍ വാങ്ങി വിശ്വസ്ത ഉപയോക്താക്കള്‍ വഞ്ചിതരാവരുതെന്ന് അല്‍ ബുല്‍ദാന്‍ മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് വര്‍ഗീസ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജോയ് തണങ്ങാടന്‍, ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി എക്‌സ്‌പോര്‍ട്ട്‌സ് മാനേജര്‍ മാരിസെല്‍ വോംങ് എന്നിവര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആരോഗ്യ-സൗന്ദര്യ വര്‍ധക, മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാനായി യുഎഇയിലെ അല്‍ ഐനില്‍ 2002ലാണ് അല്‍ ബുല്‍ദാന്‍ ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപിതമായത്. സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മേഖലയില്‍ പരിചയ സമ്പന്നരായ പ്രൊഫഷണലുകളുടെ ഒരു ടീമാണ് കമ്പനിയെ നിയന്ത്രിക്കുന്നത്. വ്യാപാരികള്‍, മാര്‍ക്കറ്റിംഗ് ടീമുകള്‍, പരിണിതപ്രജ്ഞരായ സാമ്പത്തിക സംഘങ്ങള്‍, വിദഗ്ധരായ ലോജിസ്റ്റിക്-സൂപര്‍വൈസറി സ്റ്റാഫ്, മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള വിതരണ ശൃംഖല എന്നിവ യുഎഇയിലും ഒമാനിലും ബിസിനസ് ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

അല്‍ ബുല്‍ദാന്‍ ഗ്രൂപ്പാണ് ഒമേഗ പെയിന്‍ കില്ലര്‍ ഓയിന്റ്‌മെന്റിന്റെ യുഎഇയിലെയും ഒമാനിലെയും ഏക അംഗീകൃത വിതരണക്കാര്‍. അല്‍ ബുല്‍ദാന്‍ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ജേക്കബ് വര്‍ഗീസ് കാഞ്ഞിരക്കാട്ടാണ്.
ഒമേഗ പെയിന്‍ കില്ലര്‍ ഓയിന്റ്‌മെന്റിന്റെ നൂറുകണക്കിന് വ്യാജ പതിപ്പുകളാണ് ഈയിടെ യുഎഇ, ഒമാന്‍ വിപണികളില്‍ കണ്ടെത്തിയത്. ഇതിനെതിരെ നിയമ നടപടികളുടെ പ്രാഥമിക നീക്കം ആരംഭിച്ചുവെന്ന് ജേക്കബ് വര്‍ഗീസ് പറഞ്ഞു.

പെയിന്‍ കില്ലര്‍ ഓയിന്റ്‌മെന്റ് ഉല്‍പന്നങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒമേഗയുടെ ഉല്‍പന്ന മികവും ജനപ്രിയതയും തകര്‍ക്കുകയും ഉല്‍പാദകരെയും വിതരണക്കാരെയും ഉപയോക്താക്കളെയും ഒരുപോലെ വഞ്ചിക്കുകയും ചെയ്തതിനെതിരെയാണ് കടുത്ത ശിക്ഷകള്‍ തന്നെ വാങ്ങിക്കൊടുക്കാനുള്ള നീക്കവുമായി തങ്ങള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ബ്രാന്റിനെ യുഎഇ, ഒമാന്‍ വിപണികളില്‍ മുന്‍നിരയിലെത്തിക്കാനും ജനങ്ങള്‍ക്ക് മികച്ചൊരു ആരോഗ്യ ഉല്‍പന്നം പ്രദാനം ചെയ്യാനുമായി തങ്ങളെടുത്ത വര്‍ഷങ്ങളുടെ കഠിനാധ്വാനത്തെ നിഷ്ഫലമാക്കുന്ന ഇത്തരം നീച പ്രവര്‍ത്തനം നടത്തിയവര്‍ക്ക് കടുത്ത ശിക്ഷകള്‍ തന്നെ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാര്‍ത്ഥ വിലയെക്കാള്‍ കുറച്ച് വിപണിയില്‍ ഒമേഗ പെയിന്‍ കില്ലര്‍ ഓയിന്റ്‌മെന്റ് വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തുകയും വ്യാജന്‍ ഇറങ്ങുന്ന ഉറവിടം കണ്ടെത്തുകയും ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആദ്യ തവണ മറ്റൊരു കമ്പനിയുടെ ലേബലിലാണ് ഇത് ഇറക്കിയത്. അന്ന് ദുബായ് എകണോമിക് ഡിപ്പാര്‍ട്ട്‌മെന്റിലും തുടര്‍ന്ന് യുഎഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയത്തിലും പരാതി നല്‍കി. കോടതി നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
വ്യാജനെ കുറിച്ച് ജനങ്ങള്‍ക്ക് കേവലമൊരു മുന്നറിയിപ്പ് എന്നതിനെക്കാള്‍ ജനങ്ങളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്നതാണ് ഇതെന്ന സന്ദേശം കൂടിയാണ് തങ്ങള്‍ മുന്നോട്ടു വെക്കുന്നതെന്നും ലുലു, കാര്‍ഫോര്‍, നെസ്‌റ്റോ, കെഎം ട്രേഡിംഗ്, ഗ്രാന്റ്, തലാല്‍, സഫീര്‍ എന്നീ ഹൈപര്‍/സൂപര്‍ മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ തങ്ങള്‍ നല്‍കുന്ന ഒറിജിനല്‍ ഒമേഗ ഓയിന്റ്‌മെന്റാണ് വില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിലിപ്പീന്‍സ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍കോര്‍പറേറ്റഡാണ് ഒമേഗ പെയിന്‍ കില്ലര്‍ ഓയിന്റ്‌മെന്റ് അടക്കമുള്ള മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ഉല്‍പന്നങ്ങളിലൊന്നാണ് ഒമേഗ പെയിന്‍ കില്ലര്‍ ഓയിന്റ്‌മെന്റ്. യുഎഇയില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരന്റെ കമ്പനിയാണ് ഇതിന്റെ വിതരണമെന്നതിനാല്‍ ഈ വിഷയത്തില്‍ ഫിലിപ്പീന്‍സ്, ഇന്ത്യന്‍, യുഎഇ സര്‍ക്കാര്‍ അധികൃതര്‍ കമ്പനിക്കൊപ്പമുണ്ട്. ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് ഈ മൂന്ന് രാജ്യങ്ങളിലെയും സര്‍ക്കാര്‍ അധികൃതരും കാണുന്നത്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികളുമായി തങ്ങള്‍ മുന്നോട്ടു പോകുമെന്ന് കമ്പനിയധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇത്തരത്തില്‍ വഞ്ചന നടത്തുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് ഇതുസംബന്ധമായ നടപടികളില്‍ പ്രതിഫലിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
ഒമേഗ പെയിന്‍ കില്ലറിന് പുറമെ, കാസിനോ ഡിസ്ഇന്‍ഫെക്റ്റന്റ്, ഡോ.വോംങ്‌സ് സള്‍ഫര്‍ സോപ്, എഫികാസെന്റ് ഓയില്‍, സോപ്പുകള്‍, ബോഡി സ്‌പ്രേ, കേശ-ചര്‍മ സംരക്ഷണ ഉത്പന്നങ്ങള്‍, ഹെര്‍ബല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും അല്‍ ബുല്‍ദാന്റെ വിതരണ ശൃംഖലയിലുണ്ട്.

യുഎഇയിലെ ഫിലിപ്പീന്‍സ് അംബാസഡര്‍ ഫെര്‍ഡിനാന്‍ഡ് എ വെര്‍, ദുബായ് ഫിലിപ്പീന്‍സ് കോണ്‍സുലേറ്റിലെ വൈസ് കോണ്‍സുല്‍ പൗലോ ബെല്ലെ ഡി എബോറ, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യാതിഥികളായി സംബന്ധിച്ചു. അല്‍ ബുല്‍ദാന്‍ ഡയറക്ടര്‍ റോബി വര്‍ഗീസ്, ഡയറക്ടറും സി.ഫ്.ഒയുമായ ഷീല വര്‍ഗീസ്, ഐപിഐ വൈസ് പ്രസിഡന്റ് റയാന്‍ ഗ്‌ളെന്‍, ഐപിഐ ഗ്‌ളോബല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ പാട്രിക് എന്നിവരും സന്നിഹിതരായിരുന്നു.

About the author

themediatoc

Leave a Comment