തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇന്ന് (ഒക്ടോബർ 21) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
- ഒക്ടോബർ 22: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്.
- ഒക്ടോബർ 24: കോഴിക്കോട്, കണ്ണൂർ, കാസർകോട്.
- ഒക്ടോബർ 25: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഇതിന് പുറമെ ഒക്ടോബർ 21 മുതൽ 25 വരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
ശക്തമായ മഴയുള്ള സമയങ്ങളിൽ നദികൾ മുറിച്ചുകടക്കരുത്. നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മഴ ശക്തമാകുമ്പോൾ അനാവശ്യ യാത്രകൾ ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകളും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഒഴിവാക്കണം.
ശക്തമായ കാറ്റിൽ മരങ്ങളും വൈദ്യുതത്തൂണുകളും വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.





