Breaking News Featured Gulf UAE

നടന വിസ്മയം മാമുക്കോയ ഓർമയായി

Written by themediatoc

കോഴിക്കോട് – മലയാള സിനിമയിലെ തമാശയുടെ സുൽത്താൻ മാമുക്കോയ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 76 വയസായിരുന്നു അദ്ദേഹത്തിന്. ഏപ്രിൽ 24ന് മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ തലച്ചോറിലേക്കുള്ള രക്തസ്രാവം കൂടി ബോധം നഷ്‌ടമായതോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കാതിരുന്ന അദ്ദേഹത്തിന്റെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

അടുത്തിടെയാണ് മാമുക്കോയക്ക് അർബുദം ബാധിച്ചത്. തൊണ്ടയിലായിരുന്നു കാൻസർ. 33 റേഡിയേഷൻ, ആറു കീമോതെറാപ്പി എന്നിവക്ക് വിധേയനായെങ്കിലും എല്ലാം വരുന്നിടത്തുവച്ചുകാണാം എന്ന രീതിയായിരുന്നു മാമുക്കോയ ജീവിതത്തിൽ അനുവർത്തിച്ചത്. നമുക്ക് അസുഖം വരുമെന്നും അപ്പോൾ നിലവിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞിട്ടുള്ള മാമുക്കോയ, പ്രതിസന്ധികളെ അതിജീവിക്കണമെന്നും മാനസികാവസ്ഥയാണ് പ്രധാനമെന്നും അടിയുറച്ച് വിശ്വസിച്ചിരുന്നു.

1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയ ജനിച്ചത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്നു.
കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്‌ത ചരിത്രമാണ് മാമുക്കോയക്കുള്ളത്. സിനിമാനടൻ ആകുന്നതിന് മുമ്പ് കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയിരുന്ന കാലഘട്ടം അദ്ദേഹത്തിനുണ്ടായിരുന്നു. തുടർന്ന് നാടകത്തിൽ നിന്ന് സിനിമയിലേക്കെത്തി. 1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി ആയിരുന്നു ആദ്യ സിനിമ. തുടർന്ന് സിബി മലയിൽ സംവിധാനം ചെയ‌്ത ദൂരെ ദൂരെ ഒരു കൂട്ടാം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. മോഹൻലാൽ നായകനായ ഈ ചിത്രത്തിലെ അറബിക് മുൻഷി എന്ന മാമുക്കോയ അവതരിപ്പിച്ച വേഷം ഹിറ്റാവുകയായിരുന്നു. തുടർന്നങ്ങോട്ട് സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അളവറ്റ് ചിരിപ്പിക്കുകയായിരുന്നു മാമുക്കോയ.റാംജി റാവ് സ്പീക്കിംഗ് എന്ന സിദ്ദിഖ് ലാൽ കൂട്ടുകെട്ടിന്റെ കന്നിചിത്രത്തിലെ ഹംസക്കോയയെ ആർക്കാണ് മറക്കാൻ സാധിക്കുക. ഇതിലെ ബാലർഷ്‌ണാ…എന്ന ഡയലോഗ് ഇന്നും യുവതലമുറ ആഘോഷിക്കുന്ന വാക്കുകളിലൊന്നാണ്. ഈ സോഷ്യൽ മീഡിയ യുഗത്തിലും തഗ്ഗ് ഡയലോഗുകളിൽ മാമുക്കോയ പറഞ്ഞതിലപ്പുറം പറയാൻ ആർക്കാണ് സാധിച്ചിട്ടുള്ളത്.

നാടോടിക്കാറ്റിലെ ഗഫൂർ, സന്ദേശത്തിലെ എ.കെ പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ മാമ, വെട്ടത്തിലെ ഹംസക്കോയ, രാമൻ കർത്താ, മഴവിൽക്കാവടിയിലെ കുഞ്ഞിഖാദർ, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേൽപ്പിലെ ഹംസ, പ്രാദേശിക വാർത്തകളിലെ ജബ്ബാർ, കൺകെട്ടിലെ ഗുണ്ട കീലേരി അച്ചു, ഡോക്ടർ പശുപതിയിലെ വേലായുധൻ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദൻ മേസ്‌തിരി, നരേന്ദ്രൻ മകൻ ജയകാന്തനിലെ നമ്പീശൻ, കളിക്കളത്തിലെ പൊലീസുകാരൻ, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ, കൗതുക വാർത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കർ, പെരുമഴക്കാലത്തിലെ അബ്ദു, ഉസ്ദാത് ഹോട്ടലിലെ ഉമ്മർ, കെ.എൽ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാർ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കർ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നൽ മുരളിയിലെ ഡോക്ടർ നാരായണൻ തുടങ്ങിയവയെല്ലാം ശ്രദ്ധേയകഥാപാത്രങ്ങളാണ്. പ്രിയദർശനും സിദ്ദിഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടൻ ഹാസ്യത്തിന് മാറ്റുകൂട്ടി. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികൾ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു.

2001 ൽ സുനിൽ സംവിധാനം ചെയ്ത കോരപ്പൻ ദ ഗ്രേറ്റ്, ഇ.എം അഷ്റഫിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളിൽ നായകനായി. മലയാളത്തിന് പുറമേ തമിഴ് ചിത്രങ്ങളിലും മാമുക്കോയ അഭിനയിച്ചിട്ടുണ്ട്. അരങ്ങേട്ര വേലൈ, കാസ്, കോബ്ര തുടങ്ങിയവയാണ് തമിഴ്‌ ചിത്രങ്ങൾ.പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യക ജൂറി പരാമർശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ൽ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മൻസിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രങ്ങളിലൊന്ന്. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവർ മക്കളാണ്.

About the author

themediatoc

Leave a Comment