News Kerala/India

എ ഐ ക്യാമറ ഇടപാടിൽ വിജിലൻസ് അന്വേഷണം തുടങ്ങി

Written by themediatoc

തിരുവനന്തപുരം – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറ ഇടപാട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. സെയ്‌ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. വിജിലൻസിന് പ്രാഥമിക പരിശോധനക്കുള്ള അനുമതിയാണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത്. ക്രമക്കേട് സംബന്ധിച്ച് മാർച്ചിൽ തന്നെ വിശദമായ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിരുന്നതായാണ് വിവരം. ഇപ്പോഴാണ് വിജിലൻസ് അന്വേഷണത്തിനുള്ള നടപടികളിലേയ്ക്ക് കടക്കുന്നത്. മുൻ ജോയിന്റ് ട്രാൻപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെതിരായ പരാതിയിലാണ് അന്വേഷണം. പുത്തലത്തിനും ട്രാൻസ്‌പോർട്ട് കമ്മീഷണർ ഓഫീസിലെ ഒരു ക്ലർക്കിനെതിരെയും ആറ് ആരോപണങ്ങളാണ് ഉയർന്നിരുന്നത്.

എ ഐ ക്യാമറകൾ,​ ലാപ്‌ടോപ്,​ വാഹനങ്ങൾ എന്നിവ വാങ്ങിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ അന്വേഷണമാണെങ്കിലും എ ഐ കാമറ ഇടപാടിലേയ്ക്ക് എങ്ങനെ എത്തി,​ ടെൻഡ‌ർ നടപടികൾ എന്നിവയടക്കമുള്ള കാര്യങ്ങൾ വിജിലൻസിന് അന്വേഷിക്കേണ്ടി വരും. അതേസമയം, എ ഐ കാമറ വാങ്ങാനുള്ള ടെൻഡർ നടപടികൾ സുതാര്യമല്ലെന്ന് രേഖകൾ തെളിയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കൺസോർഷ്യത്തിൽ പണം മുടക്കാതെ ലാഭവിഹിതം നേടുന്ന പ്രസാഡിയക്ക് പിന്നിൽ ആരാണെന്നതും അവരുടെ രാഷ്ട്രീയബന്ധവും വ്യക്തമാക്കണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ടെൻഡറിൽ പങ്കെടുത്ത നാല് കമ്പനികളിൽ ഗുജറാത്ത് ഇൻഫോടെക് ലിമിറ്റഡിനെ ഒഴിവാക്കി. ബാക്കി മൂന്ന് കമ്പനികളിൽ എസ്.ആർ.ഐ.ടിക്കാണ് കെൽട്രോൺ കരാർ നൽകിയത്. അശോക ബിൽഡ്‌കോൺ രണ്ടും അക്ഷര എന്റർപ്രൈസസ് മൂന്നും സ്ഥാനത്തെത്തി. കെ-ഫോണിൽ എസ്.ആർ.ഐ.ടി ഉപകരാർ നൽകിയ കമ്പനിയാണ് അശോക ബിൽഡ്‌കോൺ. അക്ഷര എന്റർപ്രൈസസും എസ്.ആർ.ഐ.ടിയുമായി ബന്ധമുണ്ടെന്നതിനും തെളിവ് പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. എസ്.ആർ.ഐ.ടിക്ക് ടെൻഡർ ലഭിക്കാൻ മറ്റ് രണ്ട് കമ്പനികളെ ഉപയോഗപ്പെടുത്തിയെന്നും സതീശൻ പറഞ്ഞു.

About the author

themediatoc

Leave a Comment