Gulf UAE

ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപെയിനുകളുമായി യുഎഇ

Written by themediatoc

ഷാർജ : യുഎഇയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്യാംപെയിനുകള്‍ ആരംഭിച്ച് ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി. സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം വര്‍ദ്ധിപ്പിക്കുക, ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്.

‘നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം’ എന്നതാണ് ക്യാംപെയിന്‍ മുന്നോട്ടുവയ്ക്കുന്ന സന്ദേശം. ഒപ്പം യുഎഇയിലെ താപനില 47 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യസംരക്ഷണ ബോധവല്‍ക്കരണ പരിപാടിക്ക് ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി തുടക്കം കുറിച്ചിരിക്കുന്നത്. ജൂണ്‍ 15 മുതല്‍ നടത്തി വരുന്ന ഹീറ്റ് എക്‌സോഷന്‍ പരിപാടിയുടെ തുടര്‍ച്ചയായാണ് പുതിയ ക്യാമ്പ്. അല്‍ ദൈദ് മേഖലയില്‍ നടന്ന ആദ്യ പരിപാടിയില്‍ നൂറ് കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ചൂടേല്‍ക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നത് സംബന്ധിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കുമെന്നും ഇതിനായി ശില്‍പശാലകള്‍ നടത്തുമെന്നും എല്‍എസ്ഡിഎ ചെയര്‍മാന്‍ സലേം യൂസഫ് അല്‍ ഖസീര്‍ പറഞ്ഞു.

പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കടുത്ത ചൂടില്‍ നിന്നും സംരക്ഷണം നല്‍കാന്‍ രാജ്യത്ത് ഉച്ച വിശ്രമ നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഉച്ച സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും തൊഴിലാളികള്‍ക്ക് വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയിട്ടുണ്ട്.

About the author

themediatoc

Leave a Comment