Breaking News Gulf UAE

ദുബായിയുടെ ചരിത്രം വിവരിക്കുന്ന ‘അൽ ഷിന്ദഗ മ്യൂസിയം’ സഞ്ചാരികളെ നെഞ്ചേറ്റാൻ ഒരുങ്ങികഴിഞ്ഞു

Written by themediatoc

ദുബായ് – മനം മുട്ടെ ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളും സഞ്ചാരികളെ മാടിവിളിക്കുന്ന വിനോദകേന്ദ്രങ്ങളും എല്ലാം കൊണ്ടും ഇന്ന്​ ലോകത്തിന്റെ നെറുകയിൽ തല ഉയർത്തി നിൽക്കുകയാണ് ദുബായ് നഗരം. ഉയർന്ന ജീവിതനിലവാരവും ജോലിസാധ്യതയും ഏറ്റവും മികച്ച ഇടങ്ങളിലൊന്നായി അത്​ വളർന്നു പന്തലിച്ചിരിക്കുന്നു. ചരിത്രത്തിലേക്ക്​ തിരിഞ്ഞുനോക്കുമ്പോൾ വളരെ പഴയതല്ലാത്ത ഒരു വീട്ടിൽ നിന്നാണ്​ ഈ നഗരത്തിന്‍റെ പിറവിയെന്ന്​ കാണാനാകും. അത്​ ‘ആൽ മക്​തൂം’ എന്ന ദുബൈയുടെ ഭരണകുടുംബത്തിന്‍റെ വീടാണ്​. ഒരു പക്ഷേ ദുബായിയുടെ തുടക്കത്തിനും വളർച്ചക്കും സാക്ഷിയായ സ്മാരകമാണത്​. ചരിത്രം ഉറങ്ങിക്കിടക്കുന്ന ദുബായിയുടെ ‘ജന്മഗൃഹം’.

1833ആണ് ആൽ മക്തൂം കുടുംബം ദുബായിയുടെ ഈ തീരാ പ്രദേശത്ത് സ്ഥിരതാമസമാക്കിയത്​. ക്രീക്കിന്‍റെ പടിഞ്ഞാറൻ തീരത്ത് വ്യാപിച്ചുകിടക്കുന്ന 31 ഹെക്ടർ പരിസരം ഇതോടെ യു.എ.ഇയിലെ ഏറ്റവും വലിയ പൈതൃക മ്യൂസിയമായി മാറിയത്. പഴമയുടെ അടയാളങ്ങൾ കേടുപാടുകളില്ലാതെ സംരക്ഷിച്ചിരിക്കുന്ന ഇവിടെ പുതുതായി രൂപപ്പെടുത്തിയ മ്യൂസിയം ​പൊതുജനങ്ങൾക്കായി യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ദിവസങ്ങൾക്ക്​ മുമ്പ്​ ജനങ്ങൾക്ക്​ മുമ്പിൽ സമർപ്പിച്ചത്​. ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ പിതാമഹൻ ശൈഖ്​ സഈദ്​ ആൽ മക്​തൂം ഭരണം നടത്തിയത്​ ഇവിടം ആസ്ഥാനമാക്കിയായിരുന്നു.അതുകൊണ്ടു തന്നെ പാരമ്പര്യത്തെ വളരെ പവിത്രതയോടെ സംരക്ഷിക്കുന്ന സംസ്കാരത്തിന്‍റെ ഭാഗമായി ​ഈ വീടും ഇക്കാലംവരെ വളരെ പ്രധാന്യത്തോടെ പരിപാലിക്കപ്പെട്ടിട്ടുണ്ട്​. ഇപ്പോൾ ഇതടങ്ങുന്ന പ്രദേശം തന്നെ വലിയ മ്യൂസിയമാക്കി പരിവർത്തിപ്പിച്ച്​ സഞ്ചാരികൾക്കും ചരിത്രകുതുകികൾക്കും വേണ്ടി തുറന്നിരിക്കയാണ്​. ഒരു ഇടത്തരം അറേബ്യൻ നഗരം എന്നതിൽ നിന്ന്​ ദുബായ് എങ്ങനെ ലോകോത്തര പട്ടണമായി വികസിച്ചുവെന്ന്​ ഇവിടെ പഠിച്ചെടുക്കാനാകും. നൂറ്റാണ്ടുകൾ പഴക്കമുള്ള ദുബായിയുടെ ചരിത്രവും പൈതൃകവും മനസിലാക്കാൻ സഹായിക്കുന്ന രൂപത്തിലാണ് കേന്ദ്രം നിർമിച്ചിട്ടുള്ളത്​. നിലവിൽ തന്നെ നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദശേത്തെ 80കെട്ടിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന രീതിയിലാണ്​ മ്യൂസിയം ഒരുക്കിയിട്ടുള്ളത്​. നഗരത്തിന്‍റെ പിറവിയും വളർച്ചയും കേന്ദ്രീകരിച്ച ‘അൽ ഷിന്ദഗ’ എന്ന സ്ഥലനാമം തന്നെയാണ്​ മ്യൂസിയത്തിനും നൽകപ്പെട്ടിരിക്കുന്നത്​. എമിറേറ്റിന്‍റെ പൈതൃക പ്രദേശമെന്ന നിലയിയാണ്​ അൽ ഷിന്ദഗ അറിയപ്പെടുന്നത്​​.

2025ൽ ഇന്‍റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് ജനറൽ കോൺഫറൻസിന് ദുബായ് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് മ്യൂസിയത്തിന്‍റെ ഉദ്ഘാടനം നടന്നിരിക്കുന്നത്​. സമ്മേളനത്തിന്​ മുമ്പായി 10 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കാനാണ്​ മ്യൂസിയം പദ്ധതിയിടുന്നത്​. പ്രധാന പ്രദർശനങ്ങൾ കൂടാതെ, വർക്ക്ഷോപ്പുകളും വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കാനും, സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് വേനൽക്കാലത്തും ശൈത്യകാലത്തും പ്രത്യേക സീസണൽ ക്യാമ്പിങിനും മ്യൂസിയം ഉപയോഗപ്പെടുത്തും.

About the author

themediatoc

Leave a Comment