ദുബായ് – സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിച്ച 28മത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ അവസാന വില്പന വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി. ഒപ്പം 2023ലെ 28മത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ 29ന് അവസാനിക്കും. ഫെസ്റ്റിവലിന്റെ അവസാന വില്പന നഗരത്തിലെ 2000ലധികം സ്റ്റോറുകളിൽ 500ലധികം ബ്രാൻഡുകൾക്ക് ലഭിക്കും. മൂന്ന് ദിവസത്തെ ഡി.എസ്.എഫ് ഫൈനൽ മെഗാ സെയിലിന് ആയിരക്കണക്കിന് റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ 90 ശതമാനം വരെ കിഴിവും പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.
ഉപഭോക്താക്കൾക്ക് 10 ലക്ഷം ദിർഹം, ഒരു കിലോ സ്വർണം, ഡൗൺടൗൺ ദുബൈയിൽ അപ്പാർട്മെന്റ് തുടങ്ങി നിരവധി സമ്മാനങ്ങൾ ഇത്തവണ ഒരുക്കി 2023 ഫെസ്റ്റിവലിന്റെ ഏറ്റവും വലുതും മികച്ചതുമായ എഡിഷനാണ് ഇത്തവണ അരങ്ങേറിയത്. ആകെ സമ്മാനങ്ങളുടെ മൂല്യം നാലു കോടി ദിർഹം വരുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
യു.എ.ഇ സർക്കാർ ആരംഭിച്ച ‘ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലം’ എന്ന തലക്കെട്ടിലെ ടൂറിസം കാമ്പയിനിൽ നിരവധി പ്രമോഷനുകൾ, റാഫിളുകൾ, ഹോട്ടൽ ഓഫറുകൾ, ആകർഷകമായ വിനോദപരിപാടികൾ, മികച്ച ഷോപ്പിങ് ഡീലുകൾ, സംഗീതക്കച്ചേരികളും മറ്റ് ആഘോഷങ്ങളും ഇത്തവണയും നിരവധിപേരെ ഫെസ്റ്റിവലിലേക്ക് ആകർഷിചിരുന്നു. ഒപ്പം സന്ദർശകരെ ആകർഷിക്കാനും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവലുകളിലൊന്നാണ് ഡി.എസ്.എഫ്.