ദുബായ്: ദുബായിലെ ഗോൾഡൻ വിസയും കുടുംബ റസിഡൻസ് വിസയും നേടുന്നതിനുള്ള അപേക്ഷകളിൽ ഗണ്യമായ വർധനവുണ്ടായതായി താമസ-കുടിയേറ്റ വകുപ്പ് അറിയിച്ചു. 2021 മുതൽ 2026-ലെ ആദ്യ പാദം വരെയുള്ള കാലയളവിൽ മാത്രം 3,74,679 പേർക്ക് ഗോൾഡൻ വിസ അനുവദിച്ചതായാണ് ഔദ്യോഗിക കണക്ക്.
ഇതിൽ ഏറ്റവും കൂടുതൽ വിസ ലഭിച്ചത് വിദഗ്ധരും പ്രൊഫഷണലുകളും ഉൾപ്പെട്ട കുടുംബങ്ങൾക്കാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപകരും ശാസ്ത്രജ്ഞർ, ഗവേഷകർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരും പ്രധാന ഗുണഭോക്താക്കളായി. നിക്ഷേപ സൗഹൃദ നയങ്ങളും ദീർഘകാല താമസ സൗകര്യങ്ങളും ദുബൈയെ കൂടുതൽ ആകർഷകമാക്കുന്നതായാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര കുടുംബ ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ഈ കണക്കുകൾ, കുടുംബ കേന്ദ്രീകൃത സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ദുബൈ കൈവരിച്ച പുരോഗതി വ്യക്തമാക്കുന്നതാണ്. സന്ദർശക വിസ, കുടുംബ റസിഡൻസ്, പാസ്പോർട്ട് പുതുക്കൽ, നഷ്ടപ്പെട്ട രേഖകൾക്ക് പകരം നൽകൽ തുടങ്ങി നിരവധി സേവനങ്ങൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
‘Dubai Social Agenda 33’യും ‘D33 Economic Agenda’യും പിന്തുണയ്ക്കുന്ന രീതിയിൽ കുടുംബങ്ങൾക്ക് കൂടുതൽ സ്ഥിരതയാർന്ന ജീവിതവും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലോകത്തിലെ മികച്ച താമസ-തൊഴിൽ കേന്ദ്രങ്ങളിലൊന്നായി ദുബൈയെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ സേവനങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.


