ദുബായ് – പുതുവൽസരാഘോഷത്തിന്‍റെ ഭാഗമായി ദുബായ് നഗരത്തിൽ നടപ്പിലാക്കുന്ന വിവിധ ഗതാഗാത നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പുറത്തിറക്കി. ആഘോഷം പ്രയാസരഹിതമാക്കാനും ജനങ്ങളുടെ യാത്ര സുഖകരമാക്കാനും ലക്ഷ്യംവെച്ച് ദുബൈ പൊലീസുമായി സഹകരിച്ചാണ് നടപടികൾ തീരുമാനിച്ചത്. ആഘോഷ സ്ഥലങ്ങളിലേക്ക് എല്ലാ സന്ദർശകരുടേയും സുഗമമായ യാത്ര ഉറപ്പാക്കാൻ യാത്രക്കാർ വർധിക്കുന്നത് പരിഗണിച്ച് മെട്രേയുടെ ഗ്രീൻ ലൈനിൽ ശനിയാഴ്ച രാവിലെ 5മുതൽ തുടങ്ങുന്ന സർവീസ് ജനുവരി രണ്ടിന് അർധരാത്രിവരെ തുടരും. ശനിയാഴ്ച രാവിലെ 6 മുതൽ തിങ്കളാഴ്ച പുലർച്ചെ 1 വരെ ദുബൈ ട്രാമും സർവീസ് നടത്തും.
വിവിധ സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ:
- അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് 2-ആം സഅബീൽ റോഡിനും അൽ മെയ്ദാൻ റോഡിനുമിടയിൽ വൈകുന്നേരം 4മുതൽ അടച്ചിടും.
- ബുർജ് ഖലീഫ സ്റ്റേഷൻ വൈകുന്നേരം 5മുതൽ അടച്ചിടും.
- രാത്രി 8 മുതൽ അൽ സുക്കൂക്ക് സ്ട്രീറ്റ് അടക്കും. ഒരു മണിക്കൂറിന് ശേഷം, ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റ് അപ്പർ ഡെക്കും വാഹനങ്ങൾക്ക് അടക്കും.
- ദുബൈ വാട്ടർ കനാൽ എലിവേറ്ററുകളും കാൽനട പാലങ്ങളും അൽ സഫ, ബിസിനസ് ബേ ഏരിയകളിൽ അടച്ചിടും.
- ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, പാർക്കിങ് ഏരിയയിലെ നിറയുന്നതോടെ ശനിയാഴ്ച വൈകുന്നേരം 4മണിക്ക് അടക്കും. ഈ സാഹചര്യത്തിൽ ബൊളിവാർഡ് ഏരിയയിലോ ദുബൈ മാളിലോ റിസർവ് ചെയ്തവർ ശനിയാഴ്ച വൈകുന്നേരം 4ന് മുമ്പ് എത്തിച്ചേരണം.
- ഫിനാൻഷ്യൽ സെന്‍റർ റോഡിന്‍റെ ലോവർ ഡെക്ക് വൈകുന്നേരം 4നും അൽ സുക്കൂക്ക് സ്ട്രീറ്റ് രാത്രി 8നും അടക്കും. ഊദ് മേത്ത റോഡിൽ നിന്ന് ബുർജ് ഖലീഫ ഏരിയയിലേക്ക് നീളുന്ന അൽ അസയേൽ റോഡ് പബ്ലിക് ബസുകൾക്കും എമർജൻസി വാഹനങ്ങൾക്കും മാത്രമാക്കി വൈകുന്നേരം 4ന് അടക്കും.