Business The Media Toc

ഡോളറുമായുള്ള വിനിമയ നിരക്കില്‍ പൗണ്ടിന്റെ വിപണി മൂല്യം കൂപ്പുകുത്തി.

Written by themediatoc

ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തുകയും വമ്പിച്ച നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി ക്വാസി ക്വാര്‍ട്ടെംങ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയും ചെയ്തതോടെയാണ് പൗണ്ടിന്റെ തകര്‍ച്ച സര്‍വകാല റെക്കോര്‍ഡിലേക്ക് നീങ്ങിയിരിക്കുന്നത്. കഴിഞ്ഞ അമ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന വിനിമയനിരക്കാണിത്.

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ വക്കിലാണ് പൗണ്ട് സ്റ്റെര്‍ലിംങ്. യുക്രെയ്ന്‍ യുദ്ധവും അപ്രതീക്ഷിതമായുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പൗണ്ടിന്റെ വീഴ്ചയ്ക്ക് ആക്കം കൂട്ടി. പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ഈ കുത്തനെയുള്ള വീഴ്ച ബ്രിട്ടീഷ് ജനതയ്ക്കു സമ്മാനിക്കുന്നത് പണപ്പെരുപ്പവും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികളാണ് ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്..

രൂപയുമായുള്ള പൗണ്ടിന്റെ വിനിമയ നിരക്കിലും കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വന്‍ വീഴ്ചയാണ് ഉണ്ടായത്. ജൂലൈ അവസാനവാരം 100 രൂപയ്ക്കു മുകളിലായിരുന്നു ഒരു പൗണ്ടിന്റെ വിനിമയനിരക്ക്. നാലാഴ്ച കൊണ്ട് പൗണ്ടിന്റെ മൂല്യം രൂപയ്‌ക്കെതിരേ 85 ലേക്ക് കൂപ്പുകുത്തി. 87.36 യ്ക്കാണ് ഇന്നലെ വിപണി ക്ലോസ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ ബ്രിട്ടനിലേക്ക് എത്തിയ പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് താല്‍കാലികമായെങ്കിലും കനത്ത തിരിച്ചടിയാണിത്.

പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ഈ വന്‍ ഇടിവ് അഞ്ചു തരത്തിലാണ് ബ്രിട്ടനിലെ ജനജീവിതത്തെ ബാധിക്കുന്നത്. പൗണ്ടിന്റെ മ്യൂല്യച്യുതി ഭക്ഷ്യോല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളുടെയും സേവനങ്ങളുടെയും വിലക്കയറ്റത്തിന് വഴിവയ്ക്കും. വിദേശങ്ങളില്‍നിന്നുള്ള ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതിക്ക് ചെലവേറുന്നത് വിലക്കയറ്റത്തിന് ആക്കം കൂട്ടും. ഡോളറിലും യൂറോയിലുമുള്ള വിനിമയത്തിന് ഏറെ പൗണ്ട് ചെലവഴിക്കേണ്ട സാഹചര്യമാണ് ഇതിനു കാരണം.

സര്‍ക്കാര്‍ ക്യാപ് നിശ്ചയിച്ചെങ്കിലും എനര്‍ജി ബില്ലിന്മേല്‍ പൗണ്ടിന്റ വിലയിടിവ് വലിയ സമ്മര്‍ദ്ദമാകും സൃഷ്ടിക്കുക. സര്‍ക്കാര്‍ നിശ്ചയിച്ച ക്യാപ്പിനുള്ളില്‍ നിന്ന് ഗ്യാസും ഇലക്ട്രിസിറ്റിയും വിതരണം ചെയ്യാന്‍ സപ്ലൈ കമ്പനികള്‍ നന്നേ ബുദ്ധിമുട്ടും. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ ഇനിയും പലിശനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മോര്‍ട്‌ഗേജ് പലിശനിരക്കും വര്‍ധിക്കും.ഇത് വീടുകളുടെ പ്രതിമാസ തിരിച്ചടവ് ഉയര്‍ത്തും.

വിദേശ യാത്രകളെല്ലാം ചെലവേറിയതാകും എന്നതാണ് പൗണ്ടിന്റെ മൂല്യശോഷണം കൊണ്ട് ഉണ്ടാകുന്ന വലിയ തിരിച്ചടി. ബ്രിട്ടീഷുകാരുടെ അമേരിക്കന്‍, യൂറോപ്പ് യാത്രകളെല്ലാം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ചെലവേറിയതാകും. എന്നാല്‍, വിദേശത്തുനിന്നും ബ്രിട്ടനിലേക്ക് വുരുന്നവര്‍ക്ക് പൗണ്ടിന്റെ ഈ മ്യൂല്യശോഷണം യാത്രാ ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഹോട്ടല്‍ ചാര്‍ജിലും വിമാന ടിക്കറ്റിലുമെല്ലാം വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് പൗണ്ടിന്റെ വിലയിടിവ് ഗുണം ചെയ്യും.

ഡോളറിനും യൂറോയ്ക്കുമെതിരായ വിനിമയ നിരക്കിലെ മാറ്റം ബ്രിട്ടീഷ് ഉല്‍പന്നങ്ങളെയും അസംസ്‌കൃതവസ്തുക്കളെയും ആശ്രയിച്ച് നിലനില്‍ക്കുന്ന ആഗോള ബിസിനസുകള്‍ക്കും ഗുണപ്രദമാണ്. അമേരിക്കന്‍ ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതല്‍ നിക്ഷേപത്തിന് ഈ സാഹചര്യം പ്രയോജനപ്പെടുത്തിയാല്‍ അത് ബ്രിട്ടന് ഭാവിയില്‍ ഗുണമാകും.

About the author

themediatoc

Leave a Comment