ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ടെൻ എക്സ് പ്രോപ്പർട്ടി പ്രഖ്യാപിച്ച സമ്മാന പദ്ധതിയിൽ മലയാളിക്ക് ടെസ്‌ല കാർ ലഭിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ അനിൽകുമാറിനാണ് കാർ സമ്മാനമായി ലഭിച്ചതെന്ന് ടെൻ എക്സ് പ്രോപർട്ടി സിഇഒ സുകേഷ് ഗോവിന്ദൻ, ടെൻ എക്സ് പ്രോപ്പർട്ടി ഡയറക്ടർ വി.എസ്. ബിജുകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിഇറ്റി ഡിപ്പാർട്മെന്‍റ് മേധാവി ആദിൽ അൽ റൊമാനിയാണ് ഭവനങ്ങൾ സ്വന്തമാക്കിയവരിൽ നിന്നും വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ 21ന് ശൈഖ് സായിദ് റോഡിലെ ടെസ്‌ല ഷോ റൂമിൽ വച്ച് അനിൽകുമാറിന് വാഹനം കൈമാറിയതായും അധികൃതർ പറഞ്ഞു. രണ്ട് ദശലക്ഷം ദിർഹം മൂല്യമുള്ള പ്രോപ്പർട്ടികൾ സ്വന്തമാക്കുന്നവർക്ക് ഗോൾഡൻ വിസ നേടാനുള്ള അവസരവും ടെൻ എക്സ് ഒരുക്കുന്നുണ്ട്. ഇതിനായി മുഴുവൻ തുകയും ഒരുമിച്ച് അടക്കേണ്ടതില്ല. ആകെ തുകയുടെ 20 ശതമാനവും നാല് ശതമാനം ഡിഎൽഡി ചാർജും നൽകിയാൽ മതിയെന്ന് സുകേഷ് ഗോവിന്ദൻ അറിയിച്ചു. പ്രോപ്പർട്ടി വാങ്ങുന്നതിന് കുറഞ്ഞ മാസതവണകളും ടെൻ എക്സ് പ്രോപർട്ടി വാഗ്ദാനം ചെയ്യുന്നു.
ടെൻ എക്സ് പ്രോപ്പർട്ടിയിൽ നിന്നും ഓഫ് പ്ലാൻ അടിസ്ഥാനത്തിൽ ഭവനങ്ങൾ സ്വന്തമാക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ വിദേശ രാജ്യങ്ങളിലേക്ക് വർഷത്തിൽ 12 ടൂർ പാക്കേജുകളും ഫർണിഷ്ഡ് ഭവനങ്ങളും ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നതെന്ന് സിഇഒ സുകേഷ് ഗോവിന്ദൻ പറഞ്ഞു. 6.2 ലക്ഷം ദിർഹം മുതലുള്ള സ്റ്റുഡിയോ അപാർട്ട്മെന്റുകൾ, എട്ട് ലക്ഷം ദിർഹം മുതലുള്ള വൺ ബിഎച്ച്കെ, 1.3 ദശലക്ഷം മുതലുള്ള ടുബിഎച്കെ, 2.2 ദശലക്ഷം മുതലുള്ള ടൗൺ ഹൗസുകളും, 3.4 ദശലക്ഷം മുതലുള്ള പൂർത്തീകരിച്ച വില്ലകളും ലഭ്യമാണ്. ടെൻ എക്സ് പ്രോപ്പർട്ടി ഡയറക്ടർ വി.എസ്. ബിജുകുമാർ, ടെസ്‌ല സമ്മാനർഹനായ അനിൽ കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.