ദുബായ്: റിവാഖ് ഔഷ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് യു. കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെബോഷിന്റെ സഹകരണത്തോടെ യുഎഇയിലെ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ വർഷം 3000 തൊഴിലാളികൾക്ക് പരിശീലനം നൽകും. മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി, ദുബായ് ഇമിഗ്രേഷൻ എന്നിവരുടെ സാനിധ്യത്തിൽ റീവാഖ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്സണും യുഎഇയിലെ ആദ്യ സ്വദേശി വനിതാ പിഎച്ച്ഡി ബിരുദധാരിയുമായ ഡോ.മോസ ഗുബാഷ് അൽ മുഹൈരി പദ്ധതി ഉദ്ഘാടനം ചെയ്തു.
തൊഴിൽ സുരക്ഷ മേഖലയിലെ പ്രമുഖ അവാർഡിംഗ് സ്ഥാപനമായ നെബോഷ് യു.കെക്ക് പുറത്തു നടത്തുന്ന ആദ്യ സിഎസ്ആർ പദ്ധതിയാണിത്. ഉയർന്ന അപകട സാധ്യതയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ സുരക്ഷാ ബോധവും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും വർധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രഥമ ശുശ്രൂഷ, സി പി ആർ, വൈദ്യതി സുരക്ഷ, ഫയർ ആൻഡ് റെസ്ക്യൂ എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. വിവിധ ഭാഷകളിൽ ക്ലാസുകൾ നൽകും. പരിശീലനം പൂർത്തിയാക്കിയവർക്ക് നെബോഷ് അംഗീകൃത സർട്ടിഫിക്കറ്റുകളും പഠന സാമഗ്രികളും സൗജന്യമായി ലഭിക്കും. ഇത്തരം പരിശീലന പദ്ധതി ഭാവിയിൽ ഇന്ത്യയിലെ നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഡോ. ആമിന അജ്മൽ, മാനേജർ അജ്മൽ ഷംസുദീൻ എന്നിവരെക്കൂടാതെ മാനേജർമാരിൽ ഒരാളായ നാദിർ ഖേമിസി, ലേർണിംഗ് സ്ട്രാറ്റജിസ്റ്റ് സിദ്ധിഖ് ഹിൽസ്, സാമൂഹ്യ പ്രവർത്തകൻ അൽനിഷാജ് ശാഹുൽ എന്നിവർപങ്കെടുത്തു.
കഴിഞ്ഞ 33 വർഷങ്ങളായി സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും സജീവമായി പ്രവർത്തിക്കുന്ന റീവാഖ് ഇൻസ്റ്റിറ്റ്യൂട്ട് ഹെൽത്ത്കെയർ, ഹെൽത്ത് ആൻഡ് സേഫ്റ്റി, എഞ്ചിനിയറിംഗ്, മാനേജ്മെന്റ്, ഭാഷാ പരിശീലനം തുടങ്ങി ഇരുനൂറോളം കോഴ്സുകൾ നടത്തുന്നുണ്ട്. റീവാഖ് ഡയറക്ടർ ഡോ. ആമിന അജ്മൽ, മാനേജർ അജ്മൽ ഷംസുദീൻ എന്നിവർ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഎഇയിലെ കമ്പനികളിലെ തൊഴിലാളികൾക്ക് സൗജന്യ പരിശീലനവും സർട്ടിഫിക്കേഷനും ലഭ്യമാക്കുന്നതിനായി സ്ഥാപനങ്ങളുടെ അധികൃതർക്കും എച്ച് ആർ പ്രതിനിധികൾക്കും info@rewaqousha.com എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്