Business Gulf UAE

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ഷാർജയിൽ

Written by themediatoc

ദുബായ്: ഈ വർഷത്തെ വേൾഡ് മലയാളി കൗൺസിലിന്‍റെ ഗ്ലോബൽ ദ്വൈവാർഷിക കോൺഫറൻസ് 27 മുതൽ 29 വരെ ഷാർജയിൽ നടക്കും. ഷാർജ കോർണിഷ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 400 ലധികം പേർ പങ്കെടുക്കും.”മാറുന്ന ആഗോള ക്രമത്തിൽ വർധിച്ചു വരുന്ന ഇന്ത്യയുടെ പ്രസക്തിയും മലയാളികളുടെ പങ്കാളിത്തവും” എന്ന പ്രമേയം സമ്മേളനം ചർച്ച ചെയ്യും. ഈ പ്രമേയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുമെന്ന് ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡബ്ലി.യു. എംസി ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു. നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായ ടി.പി. ശ്രീനിവാസൻ വിഷയാവതരണം നടത്തും. ചടങ്ങിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മലയാളികളെ ആദരിക്കും. പുതിയ തലമുറയ്ക്ക് ആഗോള സാധ്യതകൾ പരിചയപ്പെടുത്തുന്ന പരിപാടികൾ ഉണ്ടാവും. സാമൂഹിക – സാംസ്കാരിക സെമിനാറുകൾ, ബിസിനസ് മീറ്റിങുകൾ, കലാപരിപാടികൾ, പൊതുയോഗം എന്നിവ സമ്മേളനത്തിന്‍റെ ഭാഗമായി നടക്കും.

യു.എ.ഇയിലെ മാധ്യമപ്രവർത്തകർ പങ്കെടുക്കുന്നതോടൊപ്പം രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്‍റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ. ബിജു, വനിതാ ഫോറം പ്രസിഡന്‍റ് എസ്തർ ഐസക്, മീഡിയ ഫോറം ചെയർമാൻ വി.എസ്. ബിജുകുമാർ എന്നിവരും വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ചെത്തിയ പ്രധാന ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ദ്വൈവാർഷിക കോൺഫറൻസും നടക്കുമെന്ന് മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടെത്ത്, പ്രസിഡന്‍റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്‍റ് തോമസ് ജോസഫ് എന്നിവർ അറിയിച്ചു.

About the author

themediatoc

Leave a Comment