Gulf Kuwait

കുവൈത്ത്‌ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ടി​ക്ക​റ്റി​ന് കാ​ത്തി​രി​ക്കു​ന്ന​ത് 3500 പേ​ർ.  

Written by themediatoc

കുവൈത്ത് സിറ്റി: നാടുകടത്തൽ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നത് ആഭ്യന്തര മന്ത്രാലയത്തിന് തലവേദന സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഇത്തരത്തിലുള്ളവരുടെ എണ്ണം 3,500ലെത്തിയിട്ടുണ്ടെന്ന് അൽ റായി റിപ്പോർട്ട് ചെയ്തു. മന്ത്രാലയവുമായുള്ള ഇക്കാര്യങ്ങൾ നടപ്പാക്കുന്ന കമ്പനികളുടെ കരാർ അവസാനിച്ചതിനാൽ, താൽക്കാലിക തടവിലുള്ളവർക്ക് ഉടൻ നാടുകളിലേക്ക് പോകാൻ കഴിയിെല്ലന്നാണ് സൂചന. ആഗസ്റ്റ് മധ്യത്തോടെയാണ് കരാർ അവസാനിച്ചത്. ഇത് പുതുക്കാനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക വകുപ്പിൽ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് അടുത്തിടെ ആരംഭിച്ച തുടർച്ചയായ പരിശോധനകൾ നിയമലംഘനങ്ങൾക്ക് അറസ്റ്റിലാകുന്നവരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ഇത്തരം ആളുകളെ നാടുകടത്തൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയാണ് രീതി. ഇവർക്കുള്ള വിമാന ടിക്കറ്റ് സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം കരാർ കമ്പനിക്കാണ്. സ്‌പോൺസറിൽനിന്നാണ് ഇതിനുള്ള തുക വാങ്ങിക്കുക.

കരാർ പുതുക്കാത്തതിനാൽ ഈ നടപടി നടക്കുന്നില്ല. ഇതോടെ ടിക്കറ്റിന് സ്വയം പണം നൽകുന്നവർക്ക് മാത്രമേ മടങ്ങാൻ കഴിയുന്നുള്ളൂ. നിലവിൽ 1,300 പേർ നാടുകടത്തൽ കേന്ദ്രങ്ങളിലുണ്ട്. സുരക്ഷ ഡയറക്ടറേറ്റുകളിലും പൊലീസ് സ്റ്റേഷനുകളിലും 1,500 പേരും 400 പേർ താമസ അന്വേഷണ വകുപ്പിന് കീഴിലും 200 പേർ ക്രിമിനൽ അന്വേഷണ സംഘത്തിലും 100 പേർ ഡ്രഗ് എൻഫോഴ്സ്മെന്റ് വകുപ്പിനു കീഴിലും കഴിയുകയാണ്. ആളുകളുടെ എണ്ണം കൂടിയതോടെ ഭക്ഷണം, വെള്ളം, മരുന്ന് മറ്റു വസ്തുക്കൾ എന്നിവക്ക് തടങ്കൽ കേന്ദ്രങ്ങളിൽ അധികചെലവ് വന്നിരിക്കുകയാണ്.

സ്വന്തമായി ടിക്കറ്റിന് പണം നൽകാൻ കഴിയുന്നവർക്ക് എളുപ്പത്തിൽ മടങ്ങാമെന്നും അല്ലാത്തവർ കമ്പനിയും മന്ത്രാലയവും തമ്മിൽ കരാർ ഒപ്പിടുന്നതുവരെ തടങ്കൽ കേന്ദ്രത്തിൽ തുടരേണ്ടിവരുമെന്നും അൽറായി റിപ്പോർട്ടിൽ പറയുന്നു. നേരത്തേ അറസ്റ്റിലാകുന്നവരെ ഉടനടി രാജ്യത്തുനിന്ന് കയറ്റിയയക്കുമായിരുന്നു. സ്‌പോൺസർമാർ ടിക്കറ്റ് വില നൽകുകയും അല്ലാത്തപക്ഷം അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.

About the author

themediatoc

Leave a Comment