Gulf UAE

ഡിസംബര്‍ 2, 3 തീയതികളില്‍ ഓര്‍മ ‘കേരളോത്സവം’ ദുബൈയില്‍

Written by themediatoc

ദുബായ് – ദേശീയ ദിനാഘോഷ ഭാഗമായി ലുലു എക്‌സ്‌ചേഞ്ച് പ്രായോജകരാകുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കേരളോത്സവം ഡിസംബര്‍ 2, 3 തീയതികളില്‍ ദുബായ് ഖിസൈസിലെ ക്രസന്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് 4 മുതല്‍ ഓര്‍മ ആഭിമുഖ്യത്തില്‍ അരങ്ങേറും. മൂന്നിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി ടൂറിസം-പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ്, ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി എന്നിവരെ കൂടാതെ ദുബൈയിലെ സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും.

കേരളീയ കലാ പൈതൃകത്തിന്റെ അകം പൊരുളുകളെയും, സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തെയും വിളിച്ചറിയിക്കുന്ന ഗ്രാമോത്സവത്തെ പ്രവാസ മണ്ണിലേക്ക് പുനരാവിഷ്‌കരിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി പ്രശസ്ത ഗായിക പ്രസീത ചാലക്കുടി ആദ്യ ദിനവും പ്രമുഖ നാടന്‍പാട്ട് ബാന്റായ ‘കനലി’നൊപ്പം, ‘പാലാപ്പള്ളി…’ പാട്ടിലൂടെ പ്രസിദ്ധനായ അതുല്‍ നറുകര രണ്ടാം ദിനവും പങ്കെടുക്കുന്നു.
70ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ശിങ്കാരി , പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്‌കാരിക ഘോഷയാത്രയില്‍ ആന, തെയ്യം, കരകാട്ടം, കാവടിയാട്ടം തുടങ്ങിയവ വര്‍ണ വിസ്മയമൊരുക്കും. സൈക്കിള്‍ യജ്ഞം, തെരുവ് നാടകങ്ങള്‍, കളരിപ്പയറ്റ്, പന്തംതിരി തുടങ്ങിയ നാടന്‍ കലാരൂപങ്ങളും, വിവിധ സ്റ്റാളുകള്‍, ഭക്ഷണ ശാലകള്‍ തുടങ്ങി മലയാളത്തിന്റെ തനിമയെയും സംസ്‌കൃതിയെയും ഇഴ ചേര്‍ത്തൊരുക്കുന്ന കേരളോത്സവം പ്രവാസത്തിലെ പുതുതലമുറക്കും വ്യത്യസ്ത അനുഭവമാക്കി മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.
ഉത്സവ നഗരിയിലെ സാഹിത്യ സദസ്സിനോടനുബന്ധിച്ച് എഴുത്തുകാരും വായനക്കാരും ചേര്‍ന്ന് നടത്തുന്ന സംവാദങ്ങള്‍, കവിത ആലാപനങ്ങള്‍, പ്രശ്‌നോത്തരികള്‍, പുസ്തകശാല, കേരളത്തിന്റെ ചരിത്രവും പോരാട്ടത്തിന്റെ നാള്‍വഴികളും ഉള്‍കൊള്ളുന്ന ചരിത്ര പുരാവസ്തു പ്രദര്‍ശനങ്ങളും സദസ്യര്‍ക്കും പുതുതലമുറക്കും പുത്തന്‍ അനുഭവങ്ങള്‍ പകരും.

ലോക കപ്പ് ആരവങ്ങളോട് ചേര്‍ന്ന് നിന്ന് കാല്‍പന്തു കളിയുടെ ചരിത്രം വിളിച്ചോതുന്ന പ്രത്യേക പ്രദര്‍ശനവും വിവിധ മത്സരങ്ങളും കേരളോത്സവത്തിന്റെ മാറ്റു കൂട്ടും. ദുബൈയിലെ മലയാളം മിഷനിലൂടെ അക്ഷരം പഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ സര്‍ഗവാസനകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും പുതുതായി മലയാളം മിഷനില്‍ ചേരാനാഗ്രഹിക്കുന്ന കുട്ടികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സൗകര്യവും ഉത്സവപ്പറമ്പില്‍ ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവാസികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെ അടുത്തറിയാനും പങ്കാളികളാകാനുമായി നോര്‍ക, പ്രവാസി ക്ഷേമനിധി, കെഎസ്എഫഇ തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകളും ഉത്സവപ്പറമ്പില്‍ ഒരുക്കും. വിസ്മയാനുഭവങ്ങളുടെ നിരവധി മുഹൂര്‍ത്തങ്ങള്‍ കാഴ്ച വെക്കുന്ന കേരളോത്സവം അനുവാചക മനസുകളില്‍ ഗൃഹാതുരത്വത്തിന്റെ മധുര നൊമ്പരമുണര്‍ത്തുന്ന ഒരു മഹോത്സവമായി മാറും. ഇവന്റൈഡ്‌സ് ഇവന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന കേരളോത്സവത്തിന് പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംഘാടക സമിതി ഭാരവാഹികളായ ഒ.വി മുസ്തഫ, എന്‍.കെ കുഞ്ഞഹമ്മദ്, സജീവന്‍ കെ.വി, റിയാസ് സി.കെ, അനീഷ് മണ്ണാര്‍ക്കാട് എന്നിവരും; ലുലു എക്‌സ്‌ചേഞ്ച് അസി.വൈസ് പ്രസിഡന്റ് തമ്പി സുദര്‍ശനന്‍, ഡെപ്യൂട്ടി ജിഎം ഷഫീസ് അഹ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

About the author

themediatoc

Leave a Comment