Gulf UAE

റഹ്മാനിയ്യ ഗോള്‍ഡന്‍ ജൂബിലി: ജ്ഞാന ശ്രേഷ്ഠ പുരസ്‌കാരം കോഡൂര്‍ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ല്യാര്‍ക്കും, കര്‍മശ്രേഷ്ഠ പുരസ്‌കാരം ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ക്കും നൽകും

Written by themediatoc

ദുബായ് – മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനകളര്‍പ്പിച്ച് മുന്നേറുന്ന കടമേരി റഹ്മാനിയ്യ അറബിക് കോളജ് ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് റഹ്മാനിയ്യ യുഎഇ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ പി.കെ മൊയ്തു ഹാജി മെമ്മോറിയല്‍ റഹ്മാനിയ്യ ജ്ഞാന ശ്രേഷ്ഠ, കര്‍മ ശ്രേഷ്ഠ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

നാലു പതിറ്റാണ്ട് കാലം കടമേരി റഹ്മാനിയ്യയില്‍ ആയിരക്കണക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുകയും വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി സമഗ്ര സംഭാവനകളര്‍പ്പിക്കുകയും ചെയ്ത പ്രമുഖ പണ്ഡിതന്‍ കോഡൂര്‍ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ല്യാര്‍ ജ്ഞാന ശ്രേഷ്ഠ വിദ്യാഭ്യാസ പുരസ്‌കാരത്തിനും, നാനോന്മുഖ പുരോഗതിക്ക് വേണ്ടി 40 വര്‍ഷത്തിലധികമായി നേതൃപരമായ പങ്കു വഹിച്ച് നിരവധി വൈജ്ഞാനിക സംവിധാനങ്ങളുടെ ചാലക ശക്തിയായ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ കര്‍മ ശ്രേഷ്ഠ പുരസ്‌കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടു. റഹ്മാനിയ്യ യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ കുറ്റിക്കണ്ടി അബൂബക്കര്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.

കോഡൂര്‍ ഉസ്താദ് എന്ന പേരില്‍ പ്രസിദ്ധനായ പുല്‍പ്പാടന്‍ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ല്യാര്‍ 1944ല്‍ മലപ്പുറം ജില്ലയിലെ കോഡൂരിലാണ് ജനിച്ചത്. മമ്മു മുസ്‌ല്യാര്‍, എം.എം ബഷീര്‍ മുസ്‌ല്യാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ല്യാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ല്യാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ല്യാര്‍, അബൂബക്കര്‍ ഹസ്രത്ത് എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. അഗാധ പാണ്ഡിത്യത്തിനുടമയായ കോഡൂര്‍ ഉസ്താദ് 1979 മുതല്‍ നാലു പതിറ്റാണ്ടിലധികം കാലം കടമേരി റഹ്മാനിയ്യയില്‍ സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസ മേഖലയില്‍ പ്രശോഭിച്ചു നില്‍ക്കുന്ന ആയിരത്തോളം വരുന്ന ശിഷ്യ സമ്പത്തിനുടമയായ ഇദ്ദേഹം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്.

1950ല്‍ കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത കടമേരിയില്‍ ജനിച്ച കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ മഹാ പണ്ഡിതന്മാരായ തയ്യില്‍ കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, കണാരങ്കണ്ടി അമ്മദ് മുസ്‌ല്യാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാര്‍ എന്നിവരില്‍ നിന്നും അറിവ് കരസ്ഥമാക്കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, എം.പി മുസ്തഫല്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവര്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യയിലെ സഹപാഠികളായിരുന്നു.

1974ല്‍ റഹ്മാനിയ്യ അറബിക് കോളജില്‍ അധ്യാപകനായി ചേര്‍ന്ന കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ 1987ല്‍ പിതാവും റഹ്മാനിയ്യയുടെ സ്ഥാപകനുമായ കുഞ്ഞമ്മദ് മുസ്‌ല്യാരുടെ മരണ ശേഷം സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറിയും മാനേജരുമായി നിയമിതനായി. മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് 50 വര്‍ഷമായി ക്രിയാത്മക ഇടപെടലുകള്‍ നടത്തി മുന്നേറുന്ന കടമേരി റഹ്മാനിയ്യയുടെ വളര്‍ച്ചക്ക് വേണ്ടി മഹത്തായ സംഭാവനകളര്‍പ്പിച്ച് കര്‍മ രംഗത്ത് നാലു പതിറ്റാണ്ടിലധികമായി കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍ നിറഞ്ഞു നില്‍ക്കുകയാണ്.

40ലധികം വര്‍ഷം യുഎഇയിലെ മത-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പ്രമുഖ വ്യക്തിത്വമായിരുന്നു പി.കെ മൊയ്തു ഹാജി. നന്തി ദാറുസ്സലാം അറബിക് കോളജിന്റെ ദുബൈ കമ്മിറ്റി പ്രസിഡന്റും റഹ്മാനിയ്യ കമ്മിറ്റിയംഗവുമായിരുന്ന മൊയ്തു ഹാജിയുടെ നാമത്തിലാണ് റഹ്മാനിയ്യ ജ്ഞാന ശ്രേഷ്ഠ, കര്‍മ ശ്രേഷ്ഠ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ റഹ്മാനിയ്യ യുഎഇ കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് റഹ്മാനി ബിരുദ പരീക്ഷയിലെ ആദ്യ മൂന്ന് റാങ്ക് ജേതാക്കള്‍ക്ക് യഥാക്രമം കടോളി കുഞ്ഞബ്ദുല്ല ഹാജി, ടി.വി.പി മൂസ ഹാജി, അരയാക്കൂല്‍ മൊയ്തു ഹാജി മെമ്മോറിയല്‍ എക്‌സലന്‍സി അവാര്‍ഡുകളും യുഎഇ കമ്മിറ്റി നല്‍കുന്നുണ്ട്.

റഹ്മാനി അസോസിയേഷന്‍ പ്രസിഡന്റ് മിദ്‌ലാജ് റഹ്മാനി, മീഡിയ ചെയര്‍മാന്‍ സലാം റഹ്മാനി കൂട്ടാലുങ്ങല്‍, ഇ.പി.എ ഖാദര്‍ ഫൈസി, കടോളി അഹമ്മദ്, ടി.വി.പി മുഹമ്മദലി, മൊയ്തു അരൂര്‍, അബ്ദുല്ല റഹ്മാനി, തെക്കയില്‍ മുഹമ്മദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

About the author

themediatoc

Leave a Comment