ഷാർജ – 41മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഈ വർഷത്തെസാംസ്കാരിക വ്യക്തിത്വമായി സുഡാനീസ് ചരിത്രകാരനായ യൂസുഫ് ഫദ്ൽ ഹസനെ തെരഞ്ഞെടുക്കപെട്ടു. ആഫ്രിക്ക, ഏഷ്യ മേഖലയിൽ ഗവേഷണവും ഡോക്യുമെന്റേഷൻ പ്രസ്ഥാനവും പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാനിയും, വ്യത്യസ്ത വിഷയങ്ങളിൽ 30 ലധികം പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട് യൂസുഫ് ഫദ്ൽ. നിലവിൽ സുഡാനിലെ ഖർത്തൂം സർവകലാശാലയിൽ പ്രഫസറായിരുന്ന യൂസുഫ് ഫദ്ൽ ഹസൻ അറബ് ലോകത്തെ തന്നെ വിഖ്യാതനായ ചരിത്രകാരനാണ്.
ചരിത്രപഠനത്തിന്റെ മേഖലയിലും രാഷ്ട്രീയ, സാംസ്കാരിക, ശാസ്ത്ര മേഖലകളിലും നൽകിയ അമൂല്യമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ‘കൾചറൽ പേഴ്സനാലിറ്റി ഓഫ് ദി ഇയർ’ എന്ന സുപ്രധാന അംഗീകാരം സമ്മാനിക്കുന്നത്. വിവിധ മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകുകയും യുവതലമുറക്ക് പ്രചോദനവും മാതൃകയുമായി വർത്തിക്കുകയും ചെയ്യുന്ന വിശിഷ്ട വ്യക്തികളെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇത്തരമൊരു പുരസ്കാരം രൂപപ്പെടുത്തിയത്.
മാത്രമല്ല സാംസ്കാരിക വികസനത്തിന്റെ വ്യത്യസ്തങ്ങളായ നെടുംതൂണുകളെയും സർഗാത്മക വ്യക്തിത്വങ്ങളെ ആദരിക്കുക എന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വീക്ഷണം അനുസരിച്ചാണ് ഇത്തരം അവാർഡ് ഏർപ്പെടുത്തിയതെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു. ഭാവി കെട്ടിപ്പടുക്കുന്നതിൽ യൂസുഫ് ഫദ്ൽ ഹസനെപ്പോലുള്ള വിശിഷ്ട വ്യക്തികളുടെ അമൂല്യമായ പ്രവർത്തനം അറബ് സാംസ്കാരിക ലോകത്തിന് ആവശ്യമാണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.