ലോകത്തെ പ്രമുഖ പ്രസാധകരും പുസ്തക പ്രസാധന മേഖലയിലെ വിദഗ്ധരും ഒത്തുചേരുന്ന 16-മത് ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിന് തുടക്കമായി. നവംബർ മൂന്ന് വരെ നീളുന്ന സമ്മേളനത്തിൽ പ്രസാധന മേഖലയിലെ പുതിയ സാധ്യതകളും വെല്ലുവിളികളും ഉൾപ്പെടെ 30 വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
ഷാർജ ബുക്ക് അതോറിറ്റി അധ്യക്ഷ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ ഉദ്ഘാടന പ്രഭാഷണത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ വിശിഷ്ടാതിഥി രാജ്യമായ ഒമാനെ പ്രതിനിധീകരിച്ച് മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകോത്സവ ഡയറക്ടർ അഹമ്മദ് ബിൻ സൗദ് അൽ റവാഹിയും പങ്കെടുക്കും.

പ്രസാധന മേഖലയിൽ നിർമിതബുദ്ധിയുടെ ഉപയോഗമായിരിക്കും ആദ്യദിനത്തിലെ പ്രധാന ചർച്ചാവിഷയം. പുസ്തക എഡിറ്റിങ്, പ്രൂഫ് റീഡിങ്, മാർക്കറ്റിങ്, ഓഡിയോ ബുക്ക് നിർമാണം തുടങ്ങിയ മേഖലകളിൽ എ.ഐയുടെ സാധ്യതകൾ വിലയിരുത്തും. ഡിജിറ്റൽ കാലത്തെ പകർപ്പവകാശം, പുസ്തകങ്ങളെ സിനിമകളായും ടെലിവിഷൻ പരമ്പരകളായും അവതരിപ്പിക്കൽ, ആഗോള വിപണിയിലെത്താനുള്ള തന്ത്രങ്ങൾ എന്നിവയും ചർച്ചയാകും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രസാധകരും സാഹിത്യ ഏജന്റുമാരും തമ്മിലുള്ള ബിസിനസ് കൂടിക്കാഴ്ചകളാണ് നടക്കുക. പുസ്തക വിവർത്തന അവകാശങ്ങളുടെ കൈമാറ്റത്തിനും പുതിയ വിപണി സാധ്യതകൾ കണ്ടെത്തുന്നതിനും ഈ കൂടിക്കാഴ്ചകൾ വേദിയാകുക
കാഴ്ചപരിമിതിയുള്ളവർക്ക് വായന കൂടുതൽ പ്രാപ്യമാക്കുന്നതിനും അറബ് മേഖലയിലെ പ്രസാധന രംഗത്തിന്റെ വളർച്ചയ്ക്കും പ്രത്യേക സെഷനുകളുണ്ടാകും.
നവംബർ നാലിന് ആരംഭിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായാണ് പ്രസാധക സമ്മേളനം സംഘടിപ്പിക്കുന്നത്.





