Breaking News Featured News Kerala/India

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞു.

Written by themediatoc

തിരുവനന്തപുരം – കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും, സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും, മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ഞായറാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിനുവെക്കും.

കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനായി പൂർണമായി സമർപ്പിച്ച അതുല്യനായ സംഘാടകനും, പക്വമതിയായ നേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്കുളിലോ പുറത്തോ ഉത്ഭവിക്കുന്ന എത്ര സങ്കീർണമായ പ്രശ്നങ്ങൾക്കും ലളിതമായും, യുക്തിഭദ്രമായും, കേൾക്കുന്നവർക്ക് ഒരു സംശയവും ബാക്കിയില്ലാത്ത തരത്തിലും വിശദീകരിക്കാനും, ഒത്തുതീർക്കാനും അസാധാരണ വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു.

2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറിൽ ആഭ്യന്തരം, വിജിലൻസ്, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്ന സ. കോടിയേരി ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിന് കേരളത്തിൽ തുടർഭരണം ലഭിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നേതൃപരമായ പങ്കുവഹിച്ചു. തുടർച്ചയായി മൂന്നുതവണ സംസ്ഥാന സെക്രട്ടറിയായി സി.പി.എമ്മിനെ നയിച്ച കോടിയേരി ബാലകൃഷ്ണൻ, രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരുമായി കോടിയേരിക്ക് ഊഷ്മളമായ ബന്ധമനു വെച്ചുപുലർത്തിയിരുന്നത്.

2006ലും 2011ലും നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്ന സ. കോടിയേരി 1982, 1987, 2001, 2006, 2011 വർഷങ്ങളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2015ൽ സി.പി.എം ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ആദ്യമായി സംസ്ഥാന സെക്രട്ടറിയായത്. 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിൽ രണ്ടാം തവണ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കർമ്മപഥത്തിലേക്ക് തിരിച്ചു വന്നശേഷം 2022 ഫെബ്രുവരിയിലെ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, വീണ്ടും ആരോഗ്യകാരണങ്ങളാൽ ആഗസ്റ്റ് 28ന് ഒഴിയുകയായിരുന്നു.

1953 നവംബർ 16ന് തലശ്ശേരിയിൽ കുഞ്ഞുണ്ണിക്കുറുപ്പിന്‍റെയും നാരായണിയമ്മയുടെയും മകനായി ജനിച്ച ബാലകൃഷ്ണൻ വിദ്യാഭ്യാസകാലത്തുതന്നെ എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്‍റെ യൂണിറ്റ് സെക്രട്ടറിയായി ഓണിയൻ ഹൈസ്കൂളിൽ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. പിന്നീട് മാഹി എം.ജി കോളജ് യൂനിയൻ ചെയർമാൻ, 1973 – 79 എന്നീ വർഷങ്ങളിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയന്‍റ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലായിരുന്നു ഡിഗ്രി വിദ്യാഭ്യാസം.

ചരിതത്തിലെ കനൽ കഥയായിരുന്ന അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച് പ്രകടനം നടത്തുകയും,16 മാസക്കാലം ജയിലിൽ പോവുകയും ചെയ്തിട്ടുണ്ട്. പിന്നീട് 1980- 82ൽ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല പ്രസിഡന്‍റായി. കേരള കർഷകസംഘം ജോയന്‍റ് സെക്രട്ടറി, കണ്ണൂർ ജില്ല സെക്രട്ടറി, കിസാൻസഭ അഖിലേന്ത്യ കമ്മിറ്റി അംഗം, സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.

തിങ്കളാഴ്ച രാവിലെ 10ന് കോടിയേരി ബാലകൃഷ്ണന്റെ വസതിയായ മാടപ്പീടികയിലെ വീട്ടിൽ ബന്ധുക്കൾക്ക് കാണാനായി വിട്ടുനൽകും. പിന്നീട് രാവിലെ 11 മുതൽ ഉച്ച രണ്ടുവരെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ കണ്ണൂരിലെ അഴീക്കോടൻ മന്ദിരത്തിലും പൊതുദർശനത്തിനുവെച്ചശേഷം മൂന്നിന് പയ്യാമ്പലത്ത് സംസ്കരിക്കും.

തലശ്ശേരി മുൻ എം.എൽ.എ പരേതനായ എം.വി. രാജഗോപാലിന്‍റെ മകൾ എസ്.ആർ. വിനോദിനിയാണ് സഹധർമിണി. മക്കൾ:- ബിനോയ്, ബിനീഷ്. മരുമക്കൾ:- ഡോ. അഖില, റിനീറ്റ.

About the author

themediatoc

Leave a Comment