Gulf The Media Toc UAE

2023 അന്താരാഷ്ട്ര വനിതാദിനം: അലീഷ മൂപ്പന്‍ – ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സന്ദേശം

Written by themediatoc

ഇന്നത്തെ സ്ത്രീകള്‍ നാളത്തെ സാമ്പത്തിക സാമൂഹിക രംഗങ്ങളിലെ ശക്തികേന്ദ്രങ്ങളാണ്. ഇന്ന് അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും ശരിയായ നിലയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍, ലോകത്തിലെ ഏതൊരു സ്ഥാപനവും, രാജ്യവും വളര്‍ച്ചക്കായുള്ള കുതിപ്പില്‍ പിന്തള്ളപ്പെടാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ സ്ത്രീകള്‍ ചുറ്റും നടക്കുന്നതിനെക്കുറിച്ച് തികഞ്ഞ ബോധ്യമുളളവരും വീടുകള്‍ക്കപ്പുറമുള്ള അവസരങ്ങള്‍ തേടാന്‍ സജീവമായി ശ്രമിക്കുന്നവരുമാണ്. ഉന്നത വിദ്യാഭ്യാസം, ഒരു തൊഴില്‍ എന്നിവയില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുരുഷന്മാര്‍ക്കൊപ്പം തന്നെ അവര്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

നിലവില്‍ കോളേജ് ബിരുദമുള്ള സ്ത്രീകളുടെ അനുപാതം പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകളുടേത് 40 ശതമാനവും, പുരുഷന്മാരുടേത് 32 ശതമാനവുമാണ്. വൈകിയുള്ള വിവാഹങ്ങള്‍, കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തല്‍, ദൈര്‍ഘ്യമേറിയ ആയുസ്സ് എന്നിവ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും കൂടുതല്‍ കൂടുതല്‍ സംഭാവന നല്‍കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്ന ഘടകങ്ങളാണെന്ന് മൗറോ എഫ്. ഗില്ലന്‍ തന്റെ 2030 എന്ന പുസ്തകത്തില്‍ ശരിയായി സൂചിപ്പിച്ചിരിക്കുന്നു. കൂടുതല്‍ കാലം ജീവിക്കുന്നതിനാല്‍, ആരോഗ്യ സംരക്ഷണം, ജീവിതശൈലി, വിദ്യാഭ്യാസം എന്നിവയില്‍ തങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി കൂടുതല്‍ സമയം നിക്ഷേപിക്കാന്‍ സ്ത്രീകള്‍ക്ക് സാധ്യമാകുന്നു.

മേല്‍പ്പറഞ്ഞ എല്ലാ ഘടകങ്ങളും പരിഗണിച്ച്, ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനം 2023 തീം – ‘തുല്ല്യതയെ ചേര്‍ത്തുപിടിക്കുക’ (Embrace Equality)എന്നതാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളും, സ്ഥാപനങ്ങളും സ്ത്രീകളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്ന വഴികളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുകയും, അവരുടെ ദീര്‍ഘകാല മൂല്യം തിരിച്ചറിയുകയും ചെയ്യുന്നതിനായി മുന്‍കൈയ്യെടുക്കുമെന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പായും ഇതിനെ കാണുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം തുല്ല്യ പരിഗണനയോടെ അവര്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടണം. ആസ്റ്ററില്‍ ഞങ്ങളുടെ ജീവനക്കാരുടെ നിരയില്‍ ഏകദേശം 60% സ്ത്രീകളാണുള്ളത്. സ്ഥാപനത്തിന്റെയും, സമൂഹത്തിന്റെയും പുരോഗതിക്കായി സ്ത്രീകളുടെ ഈ സാധ്യതകള്‍ പ്രാപ്തമാക്കാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്ന് പറയുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.

About the author

themediatoc

Leave a Comment