അബൂദബി: യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാനും സൗദി അറേബ്യൻ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
യു.എ.ഇയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധം കൂടുതൽ ദൃഢമാക്കുന്നതും വിവിധ മേഖലകളിലെ സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതും ചർച്ചയായി. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി സഹകരണം ശക്തമാക്കാനുള്ള സന്നദ്ധതയും നേതാക്കൾ വ്യക്തമാക്കി.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുരാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന് സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുനേതാക്കളും എടുത്തുപറഞ്ഞു.
യു.എ.ഇ സ്റ്റേറ്റ് മന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്‌യാൻ ആൽ നഹ്‌യാൻ, സുപ്രീം കൗൺസിൽ ഫോർ നാഷനൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മാദ് അൽ ശംസി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സൗദി പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അബൂദബിയിലെ അൽ ബതീൻ എക്സിക്യൂട്ടീവ് എയർപോർട്ടിൽ എത്തിയ പ്രിൻസ് ഖാലിദ് ബിൻ സൽമാനെ ശൈഖ് മൻസൂർ ബിൻ സായിദിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.





