ദുബൈയിൽ വാഹന രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിട്ടും നിരത്തിലിറക്കിയവർക്ക് കഴിഞ്ഞ പത്ത് മാസത്തിനിടെ 48,950 പിഴകൾ ചുമത്തിയതായി ദുബൈ പൊലീസ് അറിയിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.
രജിസ്ട്രേഷൻ പുതുക്കാതെ വാഹനമോടിക്കുന്നത് കേവലം നിയമലംഘനം മാത്രമല്ലെന്നും വാഹനങ്ങളുടെ സുരക്ഷാ പരിശോധനകൾ കൃത്യമായി നടക്കാത്തത് അപകടസാധ്യത വർധിപ്പിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
നിലവിലെ നിയമപ്രകാരം കാലാവധി കഴിഞ്ഞ രജിസ്ട്രേഷനുമായി വാഹനമോടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം ഏഴ് ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.
കഴിഞ്ഞ പത്ത് മാസത്തെ കണക്കിൽ ജനുവരിയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. 6,977 കേസുകളാണ് ഈ മാസം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരിയിൽ 6,768ഉം മാർച്ചിൽ 6,573ഉം കേസുകൾ രേഖപ്പെടുത്തി.
ഏറ്റവും കുറവ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് മേയ് മാസത്തിലാണ്. 984 കേസുകളാണ് ഈ മാസം കണ്ടെത്തിയത്.
വാഹന ഉടമകൾ ഇൻഷുറൻസ്, രജിസ്ട്രേഷൻ, സാങ്കേതിക പരിശോധന എന്നിവ സമയബന്ധിതമായി പൂർത്തിയാക്കി വാഹനത്തിന്റെ രേഖകൾ പുതുക്കണമെന്ന് ദുബൈ പൊലീസ് അഭ്യർഥിച്ചു.





