ദുബൈയുടെ ടൂറിസം മേഖലക്ക് കൂടുതൽ കരുത്തേകാൻ രണ്ട് സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനും സന്ദർശകർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനുമായാണ് 2026 നവംബർ മുതൽ പുതിയ പദ്ധതികൾ നടപ്പാക്കുക
ഇതിന്റെ ഭാഗമായി ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാൻ ‘വിസിറ്റ് ദുബൈ’ എന്ന ഔദ്യോഗിക പോർട്ടലിൽ സൗകര്യമൊരുക്കും. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾക്ക് ഒരേ പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷിക്കാം. എന്നാൽ അപേക്ഷകൾ പരിശോധിക്കുന്നതും വിസ അനുവദിക്കുന്നതും ജി.ഡി.ആർ.എഫ്.എ ദുബൈ തന്നെയായിരിക്കും.
ദുബൈയിലേക്ക് പതിവായി എത്തുന്ന സന്ദർശകർക്കായി ‘ദുബൈ ആക്സസ് ക്ലബ്’ എന്ന പ്രത്യേക മെമ്പർഷിപ്പ് പദ്ധതിയും ആരംഭിക്കും. ലോകത്തിലെ ആദ്യത്തെ സിറ്റി-ലെഡ്, ക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള ടൂറിസം മെമ്പർഷിപ്പ് പദ്ധതിയാണിത്. ക്ഷണം ലഭിക്കുന്ന അംഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാകും.
പുതിയ സംവിധാനത്തിലൂടെ ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താനും വിവരങ്ങൾ അറിയാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും വിസ നടപടികൾ പൂർത്തിയാക്കാനും ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ സൗകര്യമുണ്ടാകും.
ദുബൈ ഇക്കണോമിക് അജണ്ട ഡി33യുടെ ഭാഗമായി നഗരത്തെ ലോകത്തിലെ മികച്ച മൂന്ന് ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം.





