ദുബായ്: യുദ്ധകെടുതിയിൽ ദുരിതത്തിലായ ഗസ്സൻ ജനതക്ക് സഹായവുമായി 400 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിച്ച് യു.എ.ഇ. അമേരിക്കൻ നിയർ ഈസ്റ്റ് റെഫ്യൂജി എയ്ഡ് എന്ന കൂട്ടായ്മയുമായി സഹകരിച്ചാണ് 1.2ലക്ഷം പേർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ഇടിക്കുന്നത്. ഗസ്സയിലെ ദുരിതം ലഘൂകരിക്കുന്നതിലും ഫലസ്തീനിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യപ്പെടുന്നതിലും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം അൽ ഹാഷിമി പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും ആവശ്യക്കാരായ ആളുകൾക്ക് സഹായം ലഭിക്കുന്നത് ഉറപ്പാക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷണം, ദുരിതാശ്വാസ വസ്തുക്കൾ, മെഡിക്കൽ വസ്തുക്കൾ എന്നിവയടക്കം വിതരണം ചെയ്തവയിൽ ഉൾപ്പെടും. ഇതിനു മുൻപും 256 വിമാനങ്ങൾ, 46 എയർ ഡ്രോപ്പുകൾ, 1,231 ട്രക്കുകൾ, ആറ് കപ്പലുകൾ എന്നിവയിലൂടെ യു.എ.ഇ ഇതിനകം 31,000 ടണ്ണിലധികം അടിയന്തര മാനുഷിക സാധനങ്ങൾ ഗസ്സയിലെത്തിച്ചിട്ടുണ്ട്. കൂടാതെ ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനായി നിരവധി സുസ്ഥിര ദുരിതാശ്വാസ പദ്ധതികൾക്കും തുടക്കമിട്ടിട്ടുണ്ട്. 72,000 ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അഞ്ച് ഓട്ടോമാറ്റിക് ബേക്കറികൾ സ്ഥാപിച്ചു. 7,140 ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിലവിലുള്ള എട്ട് ബേക്കറികളിലേക്ക് മാവ് വിതരണം ചെയ്തു. പ്രതിദിനം 600,000 ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ആറ് ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടും.