ദേശീയ പതാക ദിനാഘോഷത്തിന്റെ ഭാഗമായി നവംബർ മൂന്നിന് യുഎഇയിലുടനീളം ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും കൂറും പ്രകടിപ്പിക്കുന്നതിനായി രാജ്യത്തെ പൗരന്മാരും പ്രവാസികളും ഒരുമിച്ച് പതാക ഉയർത്തണമെന്ന് അദ്ദേഹം സന്ദേശത്തിലൂടെ അഭ്യർഥിച്ചു. മന്ത്രാലയങ്ങൾ, വിവിധ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം ദേശീയ പതാക ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ ആകാശത്ത് അഭിമാനത്തോടെയും ഗാംഭീര്യത്തോടെയും ദേശീയ പതാക പാറിപ്പറക്കണമെന്നും പതാകയ്ക്ക് മുന്നിൽ എല്ലാവരും ഒരുമിച്ച് അണിനിരക്കണമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ദേശീയ പതാകയുടെ മഹത്വവും രാജ്യത്തിന്റെ അഭിമാനവും ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു. ‘രാജ്യം വാഴട്ടെ, പതാക ഉയർന്നു പറക്കട്ടെ’ എന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.





