ദുബായ്: ആഗോള ജൈവ ഉത്പ്പന്ന പ്രദർശനം ദുബൈ വേൾഡ് ട്രേഡ് സെൻ്ററിൽ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കും .മിഡിൽ ഈസ്റ്റ് ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രൊഡക്‌ട് എക്‌സ്‌പോയുടെ 22-ാമത് പതിപ്പാണിത് .ലോകമെമ്പാടുമുള്ള മികച്ച ജൈവ , പ്രകൃതിദത്ത ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നു. ഓർഗാനിക് എക്‌സ്‌പോക്കു 550-ലധികം പ്രദർശകർ എത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം 300 പ്രദർശകരായിരുന്നു . എണ്ണത്തിൽ 83% വർദ്ധനവ് രേഖപ്പെടുത്തി .12,000ലധികം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ മലേഷ്യ ഇൻ്റർനാഷണൽ ഹലാൽ ഷോകേസിൻ്റെ (മിഹാസ് ) ആഗോള അരങ്ങേറ്റത്തിന് കൂടി പ്രദർശനം സാക്ഷ്യം വഹിക്കുന്നു. മിഡിൽ ഈസ്റ്റ് ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രൊഡക്റ്റ് എക്‌സ്‌പോയുടെ ഭാഗമായി, ലോകത്തിലെ ഏറ്റവും വലിയ ഹലാൽ ഉത്പന്ന പ്രദർശനമാണിത് .യു എ ഇയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഉപപ്രധാനമന്ത്രിയും മലേഷ്യയിലെ ഗ്രാമ-പ്രാദേശിക വികസന മന്ത്രിയുമായ ദത്തോ സെരി ഡോ. അഹ്മദ് സാഹിദ് ഹമീദി മിഹാസ് ഉദ്ഘാടനം ചെയ്തു.
“മിഡിൽ ഈസ്റ്റിലെ ജൈവ , പ്രകൃതി ഉൽപ്പന്നങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ പ്രദർശനമാണിത്. സുസ്ഥിരതയ്ക്കും അത്യാധുനിക ഉൽപ്പന്നങ്ങൾക്കുമുള്ള മേളയാണിത് .വ്യവസായ പ്രമുഖരുമായി ബന്ധപ്പെടാനും ഏറ്റവും പുതിയ ട്രെൻഡുകൾ കണ്ടെത്താനും ജൈവ, പ്രകൃതി ഉൽപ്പന്നങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന ഉൾക്കാഴ്ചയുള്ള ചർച്ചകളിൽ പങ്കെടുക്കാനും അവസരമുണ്ട്, ”മിഡിൽ ഈസ്റ്റ് ഓർഗാനിക് ആൻഡ് നാച്ചുറൽ പ്രൊഡക്ട് എക്‌സ്‌പോ ജനറൽ മാനേജർ ഷിനു പിള്ള പറഞ്ഞു. ഓർഗാനിക് സൂപ്പർ കിച്ചൺ, ഓർഗാനിക് ബ്യൂട്ടി കോർണർ, ചായയ്ക്കും കാപ്പിക്കുമുള്ള പ്രത്യേക പവലിയൻ, ഫ്രഷ് പ്രൊഡ്യൂസ് പവലിയൻ, സൂപ്പർഫുഡ്‌സ് പവലിയനുകൾ, സ്റ്റാർട്ടപ്പ്, നിരവധി പുതിയ ഉൽപ്പന്ന ലോഞ്ചുകൾ എന്നിവയും എക്‌സ്‌പോയിൽ ഉണ്ടായിരിക്കും. ജൈവ വ്യവസായ സമ്മേളനവും നടക്കും.
“മിഡിൽ ഈസ്റ്റിലേക്കുള്ള ഒരു ഗേറ്റ്‌വേ എന്ന നിലയിൽ ദുബായ് പദവി പ്രയോജനപ്പെടുത്താൻ മലേഷ്യൻ നിർമ്മാതാക്കളെയും വിതരണക്കാരെയും മിഹാസ് സഹായിക്കും. ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഗ്രീൻ ടെക്നോളജികൾ എന്നിവയുൾപ്പെടെ ഹലാൽ ഭക്ഷണത്തിനപ്പുറം അവസരങ്ങൾ മുതലെടുക്കാൻ അന്താരാഷ്ട്ര, പ്രാദേശിക ഇടപാടുകാരെ സഹായിക്കും “മിഹാസ് അധികൃതർ പറഞ്ഞു. അഫ്ഗാനിസ്ഥാൻ, ഗ്രീസ്, ഇന്ത്യ, ഇറാൻ, ഇറ്റലി, കൊറിയ, ലെസോത്തോ, മലേഷ്യ, മെക്സിക്കോ, നേപ്പാൾ, ഫിലിപ്പീൻസ്, പോളണ്ട്, റഷ്യ, റുവാണ്ട, സ്പെയിൻ, ശ്രീലങ്ക, തായ്‌ലൻഡ്, തുർക്കിയെ, ഉക്രെയിൻ , യു കെ , മെക്സിക്കോ, നേപ്പാൾ, ഇക്വഡോർ, ലെസോത്തോ തുടങ്ങി 21 രാജ്യ പവലിയനുകളുണ്ട്. എക്‌സ്‌പോ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തുറന്നിരിക്കും.