News Kerala/India

മാലയ്ക്കു വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി.

Written by themediatoc

കൊച്ചി: എറണാകുളം മുവാറ്റുപുഴയിൽ വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) ആണ് വീടിനുള്ളിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൗസല്യയെ ഞായറാഴ്‌ച രാത്രി ഏഴരയോടെയാണു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളായ സിജോയും ജോജോയും ആണ് നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും അറിയിക്കുന്നത്. ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്ന സോബിൻ കല്ലൂർക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തി കൗസല്യയെ പരിശോധിച്ച ഡോക്‌ടറാണ് മരണം സ്വാഭാവിക മരണമല്ലെന്ന് പൊലീസിനെ അറിയിച്ചത്. കഴുത്തിലെ പാടുകളും രക്‌തം കട്ടപിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നു. തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ജോജോ കുറ്റം സമ്മതിക്കുകയായിരുന്നു.കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയാണ് കൊല നടത്തിയത്. ഷാളും കണ്ടെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി. വീടിൻ്റെ ശുചിമുറിയിൽ നിന്നും മാല പ്രതി പോലീസിന് എടുത്ത് നൽകി. വലിയ പ്രതിഷേധമാണ് പ്രതിക്കെതിരെ നാട്ടുകാർ ഉയർത്തിയത്. അമ്മ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്കു വേണ്ടിയായിരുന്നു കൊലപാതകം എന്നാണു ജോജോ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. കൗസല്യയുടെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. യുകെയിലുള്ള മകൾ മഞ്ജു നാട്ടിൽ എത്തിയതിനു ശേഷമാകും സംസ്‌കാരം.

About the author

themediatoc

Leave a Comment