GulfUAE

ഗൾഫ്​ മാധ്യമം കമോൺ കേരള അഞ്ചാം എഡിഷൻ മേയ്​ 19 മുതൽ 21 വരെ: ഇൻവസ്റ്റ്​മെന്‍റ്​ സമ്മിറ്റ്​​ മേയ്​ 18ന്​

ഷാർജ – മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ ‘ഗൾഫ്​ മാധ്യമം കമോൺ കേരള’യുടെ അഞ്ചാം എഡിഷൻ മേയ്​ 19, 20, 21 തീയതികളിൽ ഷാർജ എക്സ്​പോ സെന്‍ററിൽ നടക്കും. ​യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന മേളയുടെ മുന്നോടിയായി മേയ്​ 18ന്​ ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സിൽ ഇൻവസ്റ്റ്​മെന്‍റ്​ സമ്മിറ്റും നടക്കും. ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സിന്‍റെയും ഷാർജ കൊമേഴ്​സ്​ ആൻഡ്​ ടൂറിസം ഡെവലപ്​മെന്‍റ്​ അതോറിറ്റിയുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ ഒരുക്കം പൂർത്തിയായതായി ‘ഗൾഫ്​ മാധ്യമം’ ചീഫ്​ എഡിറ്റർ ഹംസ അബ്ബാസ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

മിഡിലീസ്​റ്റുമായി ഇന്ത്യയുടെ വാണിജ്യ ബന്ധം ശക്​തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന കമോൺ കേരളയുടെ ഉദ്​ഘാടനം മേയ്​ 19ന്​ വൈകുന്നേരം നാലിന്​ ഷാർജ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ഗവൺമെന്‍റ്​ റിലേഷൻസ്​ എക്സിക്യൂട്ടീവ്​ ചെയർമാൻ ശൈഖ്​ ഫാഹിം ബിൻ സുൽത്തൻ ബിൻ ഖാലിദ്​ അൽ ഖാസിമി നിർവഹിക്കും. ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി, ആസ്റ്റർ ഡി.എം. ഹെൽത്ത്​കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ്​ മൂപ്പൻ എന്നിവർ മുഖ്യാതിഥിയാകും. ഷാർജ ചേംബർ ഓഫ്​ കൊ​മേഴ്​സ്​, കൊമേഴ്​സ്​ ആൻഡ്​ ടൂറിസം ഡവലപ്​മെന്‍റ്​ അതോറിറ്റി, ഇന്ത്യൻ കോൺസുലേറ്റ്​ പ്രതിനിധികൾ പ​ങ്കെടുക്കും.

മുൻ വർഷങ്ങളെ അപേക്ഷിച്ച്​ മേളയുടെ പകൽ സമയങ്ങളിലും സന്ദർശകരെ ആഷർഷിക്കുന്ന വിവിധയിനം പരിപാടികൾ നടക്കും​. രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളിൽ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബൻ, ഭാവന തുടങ്ങിയവരുടെ നേതൃത്വത്തിൽ വമ്പൻ താരനിര അണിനിരക്കും. മേളനഗരിയിലെത്തുന്നവരെ കാത്ത്​ കാംറി കാർ ഉൾപെടെ നിരവധി സമ്മാനങ്ങളാണ്​ ഒരുക്കുന്നത്​. രാജ്​ കലേഷും മാത്തുക്കുട്ടിയും അവതരിപ്പിക്കുന്ന ‘മച്ചാൻസ്​ ഇൻ ഷാർജ’ മൂന്ന്​ ദിവസവും പകൽ സമയങ്ങളിൽ ആസ്വാദകരെ കൈയിലെടുക്കും. കുടുംബ ജീവിതം ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക്​ ടിപ്സുമായി പ്രചോദക പ്രഭാഷകൻ മാണി പോളും മകളും നടിയും അവതാരകയുമായ പേളി മാണിയും ‘പോൾ ആൻഡ്​ പേളി’ ഷോയുമായി എത്തും. കൊച്ചു കുട്ടികൾക്കായി ചിത്ര രചന മത്സരം, സൗന്ദര്യ പാഠങ്ങൾ പകരുന്ന ‘ദ ആർട്ട്​ ഓഫ്​ ഗ്രൂമിങ്​’, പാട്ടിന്​ സമ്മാനവുമായി ‘സിങ്​ എൻ വിൻ’, മജീഷൻ രാജമൂർത്തിയുടെ മാജിക്​ വർക്​ഷോപ്​ എന്നിവ സന്ദർശകർക്ക് ആനന്ദത്തിനൊപ്പം അറിവ്​ പകരുന്ന വിഭവങ്ങളാണ്​. ഭക്ഷണ പ്രേമികൾക്ക് രുചിയുടെ​ വിരുന്നൊരുക്കി ഡസർട്ട്​ മാസ്റ്റർ തത്സമയ പാചക മത്സരം, ഇന്ത്യൻ രുചിഭേദങ്ങളുടെ സംഗമമായ ടേസ്റ്റി ഇന്ത്യൻ സ്റ്റാളുകൾ, ഷെഫ്​ പിള്ളയുടെ പാചക വർക്​ ഷോപ്പ്​ എന്നിവയുണ്ടാകും. ആരോഗ്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, ഷോപ്പിങ്, ഇന്‍റീരിയർ ഡിസൈൻ​ തുടങ്ങിയ മേഖലയിൽ സ്റ്റാളുകളുമായി ഇന്ത്യയിലെയും യു.എ.ഇയിലെയും സംരംഭകർ അണിനിരക്കും. നിരവധി ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലോഞ്ചിങിനും കമോൺ കേരള വേദിയാവും. വീടുവാങ്ങാനും വിൽക്കാനും റിയൽ എസ്​റ്റേറ്റിൽ നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രോപ്പർട്ടി ഷോ നടക്കും.

സാമൂഹിക മാധ്യമങ്ങളിലൂടെയും സ്​റ്റേജ്​ ഷോകളിലൂടെയും ആസ്വാദക മനസുകളിലേക്ക്​ ചേക്കേറിയ വൈറൽ സൂപ്പർ സ്​റ്റാറുകൾ അവതരിപ്പിക്കുന്ന സ്റ്റാർ ബീറ്റ്​സാണ്​ ആദ്യ ദിവസത്തെ പ്രത്യേകത. രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി നടക്കുന്ന മ്യൂസിക്​ ഓഫ്​ മൈൻഡ്​ഫുൾനെസ്​ ഇന്ത്യൻ സ്ത്രീത്വത്തിന്‍റെ ആഘോഷ വേദിയായിരിക്കും. നടി ഭാവന മുഖ്യാതിഥിയായെത്തും. വിവിധ മേഖലകളിൽ വ്യക്​തിമുദ്ര പതിപ്പിച്ച വനിതകൾക്കുള്ള ആദരമായി ഇന്തോ-അറബ്​ വിമൻ എക്സലൻസ്​ അവാർഡ്​ നൽകും. മാനവികതയുടെയും ഐക്യത്തിന്‍റെയും സന്ദേശം പകരുന്ന ‘ഹാർമോണിയസ്​ കേരള’ അവസാന ദിവസമായ ഞായറാഴ്ച നടക്കും. വിവിധ ഗൾഫ്​ രാജ്യങ്ങളി​ലെ സംഗീതാസ്വാദകർക്കിടയിൽ അറിയ​പ്പെട്ട ബ്രാൻഡായി മാറിയ ‘ഹാർമോണിയസ്​ കേരള’യിൽ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായെത്തും. യു.എ.ഇയുടെ സുസ്ഥിരത വർഷത്തിന്​ പ്രവാസ ലോകത്തിന്‍റെ പിന്തുണ പ്രഖ്യാപിക്കുന്ന ചടങ്ങും വേദിയിൽ നടക്കും. ​യു.എ.ഇയിലെ പ്രമുഖ സംഘടന നേതാക്കൾ സുസ്ഥിരത സന്ദേശം പകർന്നുനൽകും. കെ. മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ്​ എം.പി എന്നിവർ പ​ങ്കെടുക്കും. കമോൺ കേരളയുടെ മുന്നോടിയായി മേയ്​ 18ന്​ ഷാർജ ചേംബർ ഓഫ്​ കൊമേഴ്​സിൽ നടക്കുന്ന ഇൻവസ്റ്റമെന്‍റ്​ സമ്മിറ്റിൽ പ്രമുഖ സംരംഭകർ വിജയ കഥകൾ പങ്കുവെക്കും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ച്​ ഒരു വർഷം തികയുന്ന പശ്​ചാത്തലത്തിൽ നടക്കുന്ന നിക്ഷേപക സംഗമം ഇരു രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യും. പുതുതായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ്​ വളർച്ച ലക്ഷ്യമിടുന്നവർക്കും ഉപകാരപ്പെടുന്നതായിരിക്കും നിക്ഷേപക സംഗമം.

ഷാർജയിൽ നടന്ന വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തവർ വി.കെ. ഹംസ അബ്ബാസ്​, ചീഫ്​ എഡിറ്റർ, ഗൾഫ്​ മാധ്യമം, കെ. മുഹമ്മദ്​ റഫീഖ്, ഗ്ലോബൽ ഹെഡ്​, മാധ്യമം ബിസിനസ്​ ഓപറേഷൻസ്​, മുഹമ്മദ്​ സലീം അമ്പലൻ, ഡയറക്ടർ, മിഡിലീസ്റ്റ്​ ഓപറേഷൻസ്​, ഗൾഫ്​ മാധ്യമം-മീഡിയവൺ, അജിൽ മുഹമ്മദ്​, സി.ഇ.ഒ, ഹൈലൈറ്റ്​ ഗ്രൂപ്പ്​, ജസ്റ്റിൻ സണ്ണി, ജനറൽ മാനേജർ, ഇന്‍റർനാഷനൽ ഓപറേഷൻസ്​, ജോയ്​ ആലുക്കാസ്​, അഫി അഹ്​മദ്​, മാനേജിങ്​ ഡയറക്ടർ, സ്മാർട്ട്​ ട്രാവൽ, ഷാർജ എക്സ്​പോ സെന്‍റർ ബിസിനസ്​ ഡവലപ്​മെന്‍റ്​ മാനേജർ സന്ദീപ്​ ബോലാർ, ഗൾഫ്​ മാധ്യമം – മീഡിയവൺ എക്സിക്യുട്ടീവ്​ കമ്മിറ്റി വൈസ്​ ചെയർമാൻ ഡോ. അബ്​ദുൽ സലാം ഒലയാട്ട്​,
ഗൾഫ്​ മാധ്യമം കൺട്രി ഹെഡ്​ ഹാഷിം ജെ.ആർ എന്നിവർ പങ്കെടുത്തു

Shares:

Related Posts

Breaking News

അഡ്​നോക്​ പ്രോ ലീഗ് ഫുട്​ബാൾ കാണൂ; ഒരു വർഷത്തേക്ക്​ സൗജന്യമായി ഇന്ധനം നിറക്കാം

ദുബായ് - ശനിയാഴ്ച നടക്കുന്ന ശബാബ്​ അൽ അഹ്​ലി-അൽഐൻ എഫ്​.സി ഫുട്​ബാൾ മത്സരം ( അഡ്​നോക്​ പ്രോ ലീഗ് ) കാണാനെത്തുന്നവരിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്​ ഒരു വർഷത്തേക്ക്​ സൗജന്യമായി ഇന്ധനം നിറക്കാമെന്ന ഓഫറുമായി യു.എ.ഇയിലെ പ്രമുഖ ഇന്ധന വിതരണ കമ്പനിയായ ഇമാറാത്ത്​.
Breaking News

ദുബായ് വിമൻ എസ്റ്റാബ്ലിഷമെന്റും ജിഡിആർഎഫ്എ ദുബായും ധാരണാപത്രം ഒപ്പുവച്ചു

ദുബായ്: വനിതാ ശാക്തീകരണത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകി, ദുബായ് വിമൻ എസ്റ്റാബ്ലിഷമെന്റും (DWE) ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (GDRFA) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനും എല്ലാ മേഖലകളിലെയും വികസന പ്രക്രിയയിൽ
Featured

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്ത്; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

ദുബൈ: റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ Middle
Breaking News

നോര്‍ക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ; അയോണയും, ജ്യോതിയും ജർമ്മനിയിലേയ്ക്ക്.

ജർമ്മനിയും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി മുഖേന  നഴ്‌സിങ്ങ് മേഖലയില്‍ നിയമനം ലഭിച്ചവരുടെ ആദ്യ സംഘം ജർമ്മനിയിലേയ്ക്ക് യാത്രതിരിച്ചു. കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചില്‍ നിന്നുളള കോട്ടയം സ്വദേശി അയോണ ജോസ് , തൃശ്ശൂര്‍ സ്വദേശി
Leave a Reply

Your email address will not be published. Required fields are marked *