ദുബായ്; അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ പ്രവാസ ലോകത്തെ യഥാർത്ഥ നായകർക്കായി സ്നേഹവിരുന്നൊരുക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. മുപ്പത്തിയാറായിരത്തിലധികം തൊഴിലാളികളെ നേരിട്ട് സന്ദർശിച്ചാണ് ഇത്തവണത്തെ മെയ് ദിനം അവിസ്മരണീയമാക്കിയത്. GDRFA യുടെ ഇത്തരം ഇടപെടൽ ദുബായ് യുടെ വികസനക്കുതിപ്പിന് ചുക്കാൻ പിടിക്കുന്ന തൊഴിലാളികൾക്ക് ഇത് കേവലം ഒരു അവധി ദിവസമല്ലായിരുന്നു, മറിച്ച് ആദരിക്കപ്പെട്ടതിന്റെയും സ്നേഹിക്കപ്പെട്ടതിന്റെയും ദിനമായിരുന്നു. അൽ ഖൂസ്, ജബൽ അലി മേഖലകളിലെ 34 ലേബർ ക്യാംപുകളിലായി ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് മെയ് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
ഉദ്യോഗസ്ഥർ ഓരോ ക്യാംപുകളിലും നേരിട്ടെത്തി തൊഴിലാളികളോട് വിശേഷങ്ങൾ പങ്കുവെക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്തു. ക്യാംപുകളിൽ എത്താൻ കഴിയാത്തവർക്കായി ‘Blue Connect’ ആപ്പ് വഴി തത്സമയ സംപ്രേക്ഷണം ഒരുക്കിയിരുന്നു. ഓൺലൈനിലൂടെയും നേരിട്ടുമായി ആകെ 41,272 പേർ ആഘോഷത്തിന്റെ ഭാഗമായി.
എന്നാൽ ഈ ആഘോഷങ്ങളെ കണ്ണീരണിഞ്ഞ സന്തോഷ നിമിഷങ്ങളാക്കി മാറ്റിയത് മറ്റൊന്നായിരുന്നു. ക്യാംപിലെ കൂറ്റൻ സ്ക്രീനുകളിൽ നാട്ടിലുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശങ്ങൾ അപ്രതീക്ഷിതമായി തെളിഞ്ഞപ്പോൾ പല തൊഴിലാളികളും വികാരാധീനരായി. മാസങ്ങളായി നേരിൽ കാണാത്ത ഉറ്റവരുടെ സ്നേഹാന്വേഷണങ്ങൾ പ്രവാസ ജീവിതത്തിന്റെ കഷ്ടപ്പാടുകൾക്കിടയിൽ അവർക്കൊരു വലിയ ആശ്വാസമായി മാറി.
തൊഴിലാളികൾ ഞങ്ങളുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം അവർക്ക് മാനസികമായ പിന്തുണ നൽകുക എന്നതും ഇത്തരം പരിപാടികളുടെ ലക്ഷ്യമാണ്. മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ (GDRFA അസിസ്റ്റന്റ് ഡയറക്ടർ ജനറൽ) പറഞ്ഞു.
വിനോദ പരിപാടികൾക്ക് പുറമെ കായിക മത്സരങ്ങളും ആവേശകരമായ സമ്മാന വിതരണവും നടന്നു. ടെലികോം കമ്പനിയായ du ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ നൂറിലധികം സ്മാർട്ട്ഫോണുകളും മറ്റ് ആകർഷകമായ സമ്മാനങ്ങളുമാണ് വിജയികൾക്ക് നൽകിയത്. തൊഴിലാളികൾക്ക് അർഹമായ പരിഗണനയും ആദരവും നൽകുന്ന ദുബൈയുടെ ഈ മാതൃകാപരമായ ഇടപെടൽ ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
സാങ്കേതിക മികവിനൊപ്പം മാനുഷിക മൂല്യങ്ങൾക്കും ദുബൈ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവായി GDRFA-യുടെ ഈ ‘ബ്ലൂ കണക്ട്’ സംരംഭം മാറി. പ്രവാസ ഭൂമിയിൽ തങ്ങൾ ഒറ്റയ്ക്കല്ലെന്ന ഉറച്ച ബോധ്യമാണ് ഈ തൊഴിലാളി ദിനം അവർക്ക് സമ്മാനിച്ചത്.


