ദുബായ്: ദുബായിലെ നഗരസൗന്ദര്യവും ദൃശ്യഭംഗിയും പരിഷ്കരിക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ സൈൻ ബോർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ് സിവിൽ ഡിഫൻസും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും (DET) രംഗത്തെത്തിയിരിക്കുന്നു. 2024-ലെ ഔട്ട്‌ഡോർ അഡ്വർടൈസിംഗ് മാനുവൽ അടിസ്ഥാനമാക്കി പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഒരു സ്ഥാപനത്തിന് മുൻവശത്ത് ഒരു ട്രേഡ് നെയിം മാത്രമേ പ്രദർശിപ്പിക്കാൻ അനുവാദമുള്ളൂ.
സൈൻ ബോർഡുകൾ ഹൊറിസോണ്ടൽ (Horizontal) രീതിയിൽ മാത്രമേ സ്ഥാപിക്കാവൂ എന്നും, അറബിക് പേര് നിർബന്ധമായും ഇംഗ്ലീഷ് പേരിന് മുകളിലായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. കാഴ്ചക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള അമിതമായ വലിപ്പമോ വെളിച്ചമോ പാടില്ലെന്ന് മാത്രമല്ല, ആനിമേറ്റഡ് വിഷ്വലുകൾക്കോ ഉള്ളടക്കങ്ങൾക്കോ കർശന വിലക്കുണ്ട്. കെട്ടിടങ്ങളുടെ ബാൽക്കണികളിലോ ഒന്നാം നിലയ്ക്ക് മുകളിലുള്ള സ്ഥാപനങ്ങളുടെ പുറംഭിത്തികളിലോ ബോർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്നതും ശ്രദ്ധേയമാണ്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പരിശോധനകൾ കർശനമാക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ഡി.ഇ.ടി അധികൃതർ അറിയിച്ചു.


