ദുബായ്: ഇനി ദുബായിലെ പാർക്കുകളിലും ബീച്ചുകളിലും നിങ്ങളുടെ ഇഷ്ടവിഭവങ്ങളുമായി ഡ്രോണുകൾ പറന്നെത്തും. ദുബായിലെ പ്രധാന പാർക്കുകളും ബീച്ചുകളും സന്ദർശിക്കുന്നവർക്ക് ആവിശ്യമുള്ള ഇഷ്ടഭക്ഷണസാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഇനിമുതൽ ഡ്രോൺ വഴി കൈപ്പറ്റാം. ഇതിനായി ദുബായ് മുൻസിപ്പാലിറ്റിയും പ്രമുഖ ഡ്രോൺ ഡെലിവറി കമ്പനിയായ “കീറ്റ ഡ്രോണും” തമ്മിൽ കരാറിൽ ഒപ്പുവെച്ചു.
തിരഞ്ഞെടുത്ത പാർക്കുകളിലും ബീച്ചുകളിലും ഡ്രോൺ വിതരണത്തിനായി പ്രത്യേക റൂട്ടുകൾ സജ്ജമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി സന്ദർശകർക്ക് വളരെ വേഗത്തിലും കൃത്യതയോടും കൂടി ഭക്ഷണവും പാനീയങ്ങളും എത്തിച്ചുനൽകാൻ സാധിക്കും. ഈ വർഷം അവസാനത്തോടെ ഈ സേവനം ആരംഭിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.
തുടക്കത്തിൽ തിരഞ്ഞെടുത്ത ചില പാർക്കുകളിലും ബീച്ചുകളിലും ആയിരിക്കും സേവനമെങ്കിലും, പിന്നീട് ഘട്ടം ഘട്ടമായി ഇത് ദുബായിലെ മുഴുവൻ ബീച്ചുകളിലേക്കും പാർക്കുകളിലേക്കും വ്യാപിപ്പിക്കും.ഡെലിവറി സമയം ലാഭിക്കുന്നതിനൊപ്പം സന്ദർശകർക്ക് വേറിട്ടൊരു സാങ്കേതിക അനുഭവം കൂടി സമ്മാനിക്കുകയാണ് നഗരസഭ ഇതിലൂടെ ലക്ഷ്യമിടുന്നത്.ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നഗരത്തിലെ സൗകര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിന്റെ മികച്ചൊരു ഉദാഹരണമായിരിക്കും ഈ പദ്ധതിയെന്നും അധികൃതർ വ്യക്തമാക്കി.


