ദുബായ് – 1000 ദിർഹത്തിന്റെ പുതിയ പോളിമർ കറൻസി നോട്ട് പുറത്തിറക്കി യു.എ.ഇ സെൻട്രൽ ബാങ്ക്. പുതിയ നോട്ടുകൾ ഏപ്രിൽ 10 മുതൽ ബാങ്കുകളിലും എക്സ്ചേഞ്ച് ഹൗസുകളിലും ലഭ്യമായിത്തുടങ്ങും. യു.എ.ഇയുടെ ആഗോള നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക, വികസന ചിഹ്നങ്ങളുടെ ചിത്രങ്ങൾ നോട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിന്റെയും അൽബറക ആണവ നിലയത്തിന്റെയും ചിത്രങ്ങൾ ഇരു ഭാഗങ്ങളിലുമായി ചേർത്തിട്ടുണ്ട്. ഒപ്പം യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ 1974ൽ നാസ അധികൃതരുമായി ചർച്ച നടത്തുന്ന ചിത്രത്തിന് സമീപത്തായാണ് ബഹിരാകാശ പര്യവേക്ഷണത്തെ സൂചിപ്പിക്കുന്ന ചിത്രം ഉൾപ്പെടുത്തിയത്. നേരത്തേ പ്രചാരത്തിലുള്ള 1000 ദിർഹം നോട്ടിന്റെ നിറം തന്നെയാണ് പുതിയതിനും നൽകിയിട്ടുള്ളത്. ആളുകൾക്ക് തിരിച്ചറിയാൻ എളുപ്പമാകുന്നതിനാണ് നിറം നിലനിർത്തിയത്.