മസ്കത്ത്: നിക്ഷേപിച്ച പണം ഇരട്ടിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒമാൻ സ്വദേശിയിൽനിന്ന് 29,000 റിയാൽ തട്ടിയെടുത്ത കേസിൽ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയ ശേഷമാണ് പ്രതികൾ സ്വദേശിയിൽനിന്ന് പണം കൈക്കലാക്കിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വൻ ലാഭം വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ നിക്ഷേപ പദ്ധതികളിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സാമ്പത്തിക തട്ടിപ്പുകൾക്കും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾക്കുമെതിരെ ജാഗ്രത വേണമെന്നും അധികൃതർ നിർദേശിച്ചു. തട്ടിപ്പിനിരയാകുന്നവർ ഉടൻ 80077444 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അഭ്യർഥിച്ചു.





