അബൂദബി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് യു.എ.ഇയിൽ ഔദ്യോഗിക സ്വീകരണം. അബൂദബി വിമാനത്താവളത്തിലെത്തിയ മാക്രോണിനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നേരിട്ടെത്തി സ്വീകരിച്ചു. സ്വീകരണച്ചടങ്ങിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ആലപിക്കുകയും ഫ്രഞ്ച് പ്രസിഡന്റിന് ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാക്രോണിന്റെ സന്ദർശനം.
അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ഉൾപ്പെടെയുള്ള പ്രമുഖരും യു.എ.ഇ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി കുവൈത്ത് സന്ദർശനം പൂർത്തിയാക്കിയാണ് മാക്രോൺ യു.എ.ഇയിലെത്തിയത്. തുടർന്ന് ബഹ്‌റൈനിലും ഖത്തറിലും സന്ദർശനം നടത്തി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും.





