പാലക്കാട് – തിങ്കളാഴ്ച പാലക്കാട് പേഴുങ്കരയിൽനിന്ന് കാണാതായ 17കാരനെ തൃശൂരിൽ മരിച്ചനിലയിൽ കണ്ടെത്തി. പേഴുങ്കര മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്. ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് അനസ്. കെട്ടിടത്തിൽനിന്ന് ചാടി മരിച്ചെന്നാണ് പൊലീസ് പറയുന്നത്. രണ്ടു ദിവസം മുമ്പ് അനസ് വീടുവിട്ട് പോയതായി ബന്ധുക്കൾ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ചാവക്കാട് ഭാഗത്ത് അനസിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും വീട്ടുകാരും എത്തിയപ്പോഴേക്കും അവിടെ നിന്ന് പോയിരുന്നു. അനസിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാട്ടെ കടയിൽ വിറ്റതായി വിവരം ലഭിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തൃശൂരിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.