ദുബായ്: ഇനി സ്റ്റോപ്പുകളിൽ ബസ് കാത്തുനിന്ന് സമയം കളയേണ്ടി വരില്ല. പൊതുഗതാഗതം കൂടുതൽ സ്മാർട്ടാക്കാനും ബസുകളുടെ സമയനിഷ്ഠ ഉറപ്പാക്കാനും എ.ഐ സാങ്കേതികവിദ്യയുമായി കൈകോർത്തിരിക്കുകയാണ് ദുബായ് ആർ.ടി.എ. ബസ് സർവീസുകളുടെ കൃത്യത ഉറപ്പാക്കാൻ ദുബായ് ആർ.ടി.എ തങ്ങളുടെ കൺട്രോൾ സെന്ററിൽ പുതിയ സ്മാർട്ട് ഡാഷ്ബോർഡുകൾ സജ്ജമാക്കി.
അത്യാധുനിക എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം, ബസുകൾ സമയക്രമം തെറ്റി ഓടുന്നത് പൂർണ്ണമായും തടയും. നിശ്ചിത സമയത്തിന് മുമ്പേ ബസുകൾ സർവീസ് ആരംഭിക്കുന്നത് 68 ശതമാനത്തോളം കുറയ്ക്കാൻ ഇതിനകം തന്നെ ഈ പുതിയ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും റൂട്ടിൽ ട്രിപ്പുകൾ റദ്ദാകാനുള്ള സാധ്യതയുണ്ടെങ്കിൽ അത് മുൻകൂട്ടി പ്രവചിക്കാനും, ട്രാഫിക് ബ്ലോക്കുള്ള സമയങ്ങളിൽ ബസുകൾ പാതിവഴിയിൽ വെച്ച് മറ്റ് റൂട്ടുകളിലേക്ക് കൃത്യമായി തിരിച്ചുവിടാനും ഈ സ്മാർട്ട് സിസ്റ്റത്തിന് സാധിക്കും. മാത്രമല്ല, എപ്പോഴെങ്കിലും മെട്രോ സർവീസുകൾ തടസ്സപ്പെട്ടാൽ, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഉടനടി കൂടുതൽ ബസുകൾ വിന്യസിക്കാനും ഈ എ.ഐ സിസ്റ്റം സഹായിക്കുന്നതാണ്.
ഇതോടൊപ്പം, പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ബസുകൾ വെറുതെ എഞ്ചിൻ ഓൺ ചെയ്ത് ഇടുന്ന സമയം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത് വഴി 13,000 ടണ്ണിലധികം കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കാനും ആർ.ടി.എയ്ക്ക് സാധ്യമായി.ആർ.ടി.എയുടെ എ.ഐ സെന്റർ വികസിപ്പിച്ച ഈ സംവിധാനം ദുബായിലെ പൊതുഗതാഗത രംഗത്തെ ആഗോള തലത്തിൽ ഒന്നാമത് എത്തിക്കുന്ന ഒന്നാണ്. ഒരു സാധാരണ സ്മാർട്ട് സിറ്റി എന്നതിനപ്പുറം ലോകത്തെ ഏറ്റവും മികച്ച ഫ്യൂച്ചറിസ്റ്റിക് നഗരമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്.


