ഒമാനിൽ ഒലീവ് കൃഷി വ്യാപിപ്പിക്കുന്നു; 1.5 ലക്ഷം റിയാലിന്റെ വികസന പദ്ധതി
മസ്കത്ത്: ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് മികച്ച വരുമാനമാർഗങ്ങൾ ഒരുക്കുന്നതിനുമായി ഒലീവ് കൃഷി വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ. ഇതിനായി 1.5 ലക്ഷം ഒമാനി റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന വികസന പദ്ധതിക്ക് തുടക്കമിടുന്നു. 2027 അവസാനം വരെ നീളുന്ന പദ്ധതി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് ഒമാൻ അഗ്രിക്കൾച്ചറൽ ആൻഡ് ഫിഷറീസ് ഡെവലപ്‌മെന്റ് ഫണ്ടാണ് നടപ്പാക്കുന്നത്.
ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ ഉൾപ്പെടെ ഒലീവ് കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒമാനിലെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുയോജ്യമായ പുതിയ ഒലീവ് ഇനങ്ങൾ പരിചയപ്പെടുത്തുകയും അവയുടെ ഉൽപാദനക്ഷമത വിലയിരുത്തുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ഓരോ ഗവർണറേറ്റിലും കുറഞ്ഞത് അഞ്ച് ഏക്കർ സ്ഥലത്ത് പുതിയ ഇനങ്ങൾ കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഒമാനിൽ നിലവിൽ 80 ഏക്കറോളം സ്ഥലത്ത് ഒലീവ് കൃഷിയുണ്ട്. രാജ്യത്ത് 20,000ത്തിലധികം ഒലീവ് മരങ്ങളുമുണ്ട്. ഒലീവ് ഉൽപാദനം വർധിപ്പിക്കുന്നതിനായി ഇതുവരെ രണ്ട് പദ്ധതികൾക്ക് 2,23,500 റിയാലിന്റെ ധനസഹായം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ആധുനിക കൃഷിസാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുക, കർഷകർക്ക് വിദഗ്ധ പരിശീലനം നൽകുക, ഒലീവ് ഓയിൽ ഉൽപാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ഒമാനിൽ ഉൽപാദിപ്പിക്കുന്ന ഒലീവ് ഓയിലിന് പ്രത്യേക ബ്രാൻഡിങ്ങും വിപണന തന്ത്രവും രൂപീകരിക്കാനും ലക്ഷ്യമിടുന്നു.
ജബൽ അഖ്ദർ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഒലീവ് തോട്ടങ്ങൾ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതിലൂടെ അഗ്രി-ടൂറിസത്തിനും പുതിയ സാധ്യതകൾ തുറക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാദേശിക ഉൽപന്നങ്ങളുടെ വിപണിമൂല്യം വർധിപ്പിക്കാനും പദ്ധതി സഹായകമാകും.





